Tuesday, 22 January 2008

എന്തുകൊണ്ടാ അവളിപ്പോ മിണ്ടാതായത്

എന്തുകൊണ്ടാ അവളിപ്പോ മിണ്ടാതായത്

പഴുക്കപ്ലാവിലയിലെ കറുത്ത പുള്ളിക്കുത്തുകളില്‍ നോക്കി
കഥകളേറെ പറഞ്ഞുതന്നിരുന്നവള്‍ എന്താണിത്ര മൗനിയായത്?

മാമ്പൂക്കാലത്തെ ഇളം കാറ്റില്‍ വീണ മധുരപ്പുളിപെറുക്കാന്‍
ഓടിവന്നിരുന്നവളെന്താണ് ഒറ്റയ്ക്കിരുന്നാലോചിക്കുന്നത്?

മുട്ടറ്റമെത്തുന്ന അവളുടെ ചീട്ടിത്തുണിപ്പുള്ളിപ്പാവാടയെല്ലാം
ഉറികെട്ടിക്കൊണ്ടേ നടക്കുന്ന നായാടിക്കു കൊടുത്തതെന്തിനാണ്?

ചൂരക്കാലുള്ള ശീലക്കുടക്കീഴിലേയ്ക്ക്
മഴയില്‍നിന്നെന്നെ വലിച്ചുകയറ്റിയിരുന്നവള്‍
കുടയൊന്നു തേടിയീ മഴയില്‍ ഞാന്‍ വിറയ്ക്കുമ്പൊഴും
കാണാതെ പോവുന്നതെന്താണ്?

പെണ്ണേ സൂക്ഷിച്ചും കണ്ടും യ്യ് നടന്നോ...
അവളുടമ്മ എന്നെയൊരു നോട്ടത്താലുഴിഞ്ഞ്
അവളോടുപറഞ്ഞതു കേട്ടപ്പോള്‍!

തലയിലൊന്നു തപ്പിനോക്കി
ചുരുളന്‍ മുടിയ്ക്കടയില്‍ രണ്ടിളം കൊമ്പുകള്‍?!
നാക്കൊന്നു നീട്ടിനോക്കി ചോര?!
കണ്ണാടിയിലൊന്നുനോക്കി രണ്ടുകോമ്പല്ലുകള്‍?!
ഒഴിഞ്ഞു നടക്കാനങ്ങനെ ഞാനും ശീലിച്ചു.

Monday, 21 January 2008

ശില്പത്തിലെ ശില ചിന്തിക്കരുതിങ്ങനെ.

ശില്പത്തിലെ ശില-
ചിന്തിക്കരുതിങ്ങനെ.

ഉറഞ്ഞിരുന്ന തറയില്‍നിന്നൊരിക്കലും
ഇളകാതിരുന്നെങ്കില്‍!

ഉരുണ്ടു വീണ ചെളിയില്‍തന്നെ
പുതഞ്ഞുപോയിരുന്നെങ്കില്‍!

ഉളികള്‍ ചാഞ്ഞും ചരിഞ്ഞും പതിച്ചപ്പോള്‍
പൊട്ടിച്ചിതറിയിരുന്നെങ്കില്‍!

കാറ്റും,മഴയും കൊണ്ട്
വെയിലും,നിലാവും നക്ഷത്രങ്ങളും കണ്ടങ്ങനെ...

Thursday, 17 January 2008

ഏറ്റുമുട്ടലല്ല.അമ്പിളി ഇരുട്ടില്‍ തള്ളിയ കമന്റ്.

ഒരു കമന്റു ഡിലിറ്റാക്കി അമ്പിളി ശിവന്‍.
അരുതാത്തതല്ലായിരുന്നു എന്നെന്നെ ഓര്‍മ്മിപ്പിക്കാന്‍ മാത്രം അതു സൂക്ഷിക്കുന്നു.

:കാര്യം പറയുമ്പോ നൊന്തിട്ടു കാര്യമൊന്നുമില്ല.

നോവിക്കാന്‍ തക്ക കാര്യമൊന്നുമീയെഴുത്തിലില്ല.

ആണുങ്ങളെക്കുറിച്ചുള്ള ഒരു പെണ്പക്ഷ വാചകങ്ങളില്‍ നിന്നുതന്നെ, അവനെ അവരെങ്ങനെ കാണുന്നു എന്നു ഞാന്‍ വിലയിരുത്തിയതാണ് ആ വാചകങ്ങള്‍.

:ഏതെങ്കിലുമൊരു കാമഭ്രാന്തന്‍ എന്നു പറയുമ്പോ അരിശം വരുന്നതെന്തിന്?.

പവിത്രമായ ഒരു വികാരം ആണിനോടു ചേരുമ്പോള്‍ മാത്രം ഭ്രാന്തായിത്തീരുന്നതുകൊണ്ട്.
ചോദിച്ചുകോണ്ടേയിരിക്കാന്‍ എന്തെളുപ്പം! ലോകത്തിനു കിട്ടിയിട്ടുള്ള അറിവുകളേറെയും സ്വയം ചോദ്യം ചെയ്ത് നേടിയിട്ടുള്ള ഉത്തരങ്ങളാണ്.വൃദ്ധരും ബാലരും പീഡിപ്പിക്കപ്പെടുന്നെങ്കില്‍ അവിടത്തെ സംസ്കാരം നാശത്തിലേയ്ക്കു ഗതിതിരിച്ചിരിക്കുന്നു.

ഇതായിരുന്നു കനന്റ്. പെണ്‍ വര്‍ഗ്ഗമല്ലേ, ഒരു സേഫ്ഡിഫന്‍സ്. ആരും കമന്റേണ്ട.

Monday, 14 January 2008

ബലിതവിചാരം അറിയാന്‍.

ബലിതവിചാരം

"എന്താണ്‌ വിപ്ളവം?????"
:കാവലാന്‍

നയിച്ചുണ്ടാക്കുന്നവന്റെ നക്കിത്തിന്നുന്നവനോട് തെണ്ടിത്തിന്നുന്നവനുണ്ടാവുന്ന അസൂയ.

നയിച്ചുണ്ടാക്കുന്നവനെ പറഞ്ഞു പറ്റിച്ച് നക്കിത്തിന്നുന്നതിനു പകരം ഊറ്റിക്കുടിക്കുന്നവര്‍.
:ബലിതവിചാരം
Dear Kavalan,

Is it answer to the question in quotes or to ourselves? Can u pleasae explain?

:കാവലാന്‍

നയിച്ചുണ്ടാക്കുന്നവന്‍ തൊഴിലാളി.
നക്കിത്തിന്നുന്നവന്‍ മുതലാളി
തെണ്ടിത്തിന്നുന്നവന്‍ മടിയന്‍(മടിയാളി,രാഷ്ട്രീയക്കാരന്‍)

മൂന്നാമത്തെ വര്‍ഗ്ഗത്തില്‍ പെട്ടവന്‍ പരിണാമത്തിന്റെ ഒരു പ്രത്യേക സന്ധിയില്‍ വച്ച്,പാദ പാണികള്‍ മടിമൂലം ഇളക്കാത്തതിനാല്‍ അവ നഷ്ടപ്പെട്ട്,ദീര്‍ഘ വീക്ഷണം ചെയ്യാത്തതിനാല്‍ കാഴ്ചനഷ്ടപ്പെട്ട്,ആധുനീക വിപ്ലവകാരി എന്ന അട്ട ജന്മമെടുക്കുന്നു.വിപ്ലവം വളരെ രക്ത പങ്കിലമാണ്.ചോര ചോര്‍ന്നുപോവുന്നത് അണികള്‍ അറിയാറില്ല അത്ര സ്മൂത്തയിട്ടാണ് ഊറ്റല്‍.ചണ്ടി പരുവമായിക്കഴിഞ്ഞാല്‍ പിന്നെ വിപ്ലവം വരും.പുതിയ വെളിപാടുകളും.
പരിപ്പ് വടയോ?കട്ടനോ അതൊക്കെ പണ്ട് പണ്ട്...ട്ടോ.
അര്യൊക്കെ യെന്ത്?? ചിക്കനല്ലേ തിന്നണ്ടത്?
കഞ്ഞ്യെള്ളൊക്കെയെന്ത്?? പാലല്ലേ കുടിയ്ക്കണ്ട സാധനം!!!
തൊട്ടുകൂട്ടാനോ ഹ ഹ മൊട്ട മൊട്ട...യെവടെ! എങ്ങനെ വിപ്ലവം വരാനാ ഒറ്റെണ്ണത്തിന്റെ മേല് തുള്ളി ചോര യില്യ.
ഇല്ലാത്ത തണ്ടെല്ലു മൂത്ത നേതാവിനുടന്‍ പുതുവിപ്ലവത്തിനു വെളിപാടു ലഭിക്കുന്നു.
മൊതലാളി ച്ചോരയാണ് ചോര എന്താ അയിന്റൊരു മധുരം!
ഇതാണ് ഞാന്‍ കണ്ട വിപ്ലവം. ആധുനീക രാഷ്ട്രീയത്തിന്റെ നെറികേടിനോട് വെറുപ്പുണ്ട്.

Thursday, 10 January 2008

രാധയോടു മാത്രം പറയട്ടെ.

ഞാനറിയാതെ നിശബ്ദമായ്
പെയ്തു തോര്‍ന്നൊരാ-
പുലരി മഴയുടെ
കണ്ണുനീര്‍ ശേഷിപ്പുകളില്‍.

എന്നെത്തഴുകിയൊന്നുണര്‍ത്താന്‍-
തുനിയാതെന്നെക്കടന്നു
പോയൊരിളം തെന്നലിന്‍
ചുടു നിശ്വാസങ്ങളില്‍.

എന്നെപ്പുണരാതെന്നിലൊരു
കുഞ്ഞുപൂ വിടര്‍ത്താതെന്നെ-
കടന്നു പോയൊരാ
വസന്ത മൗനങ്ങളില്‍.

കാളിയനൊഴിഞ്ഞൊരു
യമുനയും കനവിലൊരുക്കി.

കണ്ണിലൊരു നിറദീപ വെട്ടവും,
ചുണ്ടിലൊരു പുഞ്ചിരിപ്പൂമാലയുമാ-
യെന്നെ കാത്തുകാത്തിരുന്ന.

നിന്നെ ഞാന്‍ കാണുന്നു. ഞാനറിയുന്നു.

Wednesday, 9 January 2008

കവിതയിതെന്നാലെന്താണ്?

കവിതയിതെന്നാലെന്താണ്?
കനവിനെ തഴുകും തിരയാണ്.
കവിയുടെ കനവിലതെന്താണ്?
കനലെരിയുന്നൊരു നോവാണ്.

കവിയുടെ കാഴ്ച്ചയിലെന്താണ്?
കഥകള്‍ മൊഴിയും ശില്പങ്ങള്‍.
കവിയുടെ കേള്‍വികളെന്താണ്?
കേഴും വ്യഥ തന്നീണങ്ങള്‍.

കവിയുടെ യത്രയിതെന്താണ്?
കഥ തേടുന്നൊരു വ്യഥയാണ്.

ഹും!...അപ്പോളീ കവിയെന്നു വച്ചാലാരാണ്??

കഥയുടെ ചിപ്പിക്കുള്ളിരിക്കും
മുത്തിനെ നേടും കുഞ്ഞാണ്.

കവിയെന്നു വച്ചാല്‍.,മനസ്സിലായോ??.

Tuesday, 8 January 2008

ശല്യം.?!

ഈ ശങ്കര പുത്രന്‍ കുറേ നാളായി ഒപ്പം നടന്നു ശല്യം ചെയ്യുകയാണ്.ശല്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍, ബോറടിയുടെ ആരംഭത്തില്‍, ഉച്ചയൂണും കഴിഞ്ഞിങ്ങനെ യിരിക്കുമ്പോള്‍ 'മൊഴിയില്‍' വിരലുകള് വെറുതേ ‍തിരുപ്പിടിക്കുന്നതിടയ്ക്ക് ശങ്കരനിങ്ങൂര്‍ന്നിറങ്ങി വിര‍ലുകളീലൂടെ.ക്ലൈമാക്സിലേയ്ക്കവനെന്നെയുംകൊണ്ട് നടക്കുന്നതിനിടയ്ക്ക് ആറുമണിയായതറിഞ്ഞില്ല.ഡ്രൈവാളി മിസ്കോളടിച്പ്പോള്‍ ശങ്കരന്റെ കൈ വിടുവിച്ചു ഞാനോടി. ഫിനിഷിങ്ങു മോശമായതിങ്ങനെയാണ് ക്ഷമിക്കുമല്ലോ.അവനവിടെ കുത്തിയിരുന്നു ചിണുങ്ങുകയാണ് ഒരു പാടിനിയും പറയാനുണ്ടെന്നു പറഞ്ഞ്. കേട്ടില്ലെന്നുനടിക്കാനെനിക്കാവുന്നത്രഞാന്‍ ശ്രമിക്കുന്നു. അതു വാവിട്ടൊരു നിലവിളിയായുയരുകയാണെങ്കിലൊരുപക്ഷേ കാവലാനു കേട്ടില്ലെന്നു നടിക്കാനാവില്ല. കാരണം
അവനിരുന്നു ചിണുങ്ങുന്നത് എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിലിരുന്നുതന്നെയായതു കൊണ്ട്.അവനു പറയാനുള്ളതില്‍ ചിലതിലെല്ലാം എന്റെകൂടി ജീവിത ഗന്ധമുള്ളതുകൊണ്ട്.കുറേ ശങ്കരന്മാരിപ്പോഴും തെങ്ങിന്‍ മണ്ടയില്‍ത്തുടരുന്നതു കൊണ്ട്.ശങ്കരന്മാരെ തെങ്ങില്‍ മാത്രം പ്രതീക്ഷിക്കുന്ന ഒരു സമൂഹമിപ്പോഴുമുള്ളതുകൊണ്ട്,സദയം ക്ഷമിക്കൂ പ്രിയരേ

Thursday, 3 January 2008

കോരന്റെ മോന്‍!!!...

കോരാ കോരാ വരുന്നെടാ ചാതന്ത്ര്യം.....
വ്വോ???.....ചങ്കരാ....ചാന്ത്ര്യം..ന്ന്വെച്ചാ???
യെല്ലാവര്ക്കും....സൊകം.....വര്ന്നെടാ.....
വ്വോ...കഞ്ഞി...ഞ്ഞി പിഞ്ഞാണത്തിലാവ്വോ കിട്ട്വാ...
കുഴീം,കുമ്പ്.ളോന്നും വേണ്ടീരില്ല്യന്നേയ്...
തെങ്ങുമ്മീം..കേറണ്ട...ഉതരും.തേങ്ങ്യൊക്കെ.
വ്വൊ ചങ്കരാ...കാലം പോണ പോക്കേയ്...
.............
ചങ്കരാ......
ഉം........
വന്നോടാ...ചാന്ത്ര്യം!!
ഉം........
യ്യെന്താ തെങ്ങുമ്മെത്തന്നെ......?
ഉം........
കുമ്പ്ലുത്താന്‍...പടിച്ചോപട്ടിണ്യെടക്കണ്ട.
...................
കോരന്റെ മോന്‍!!!!......ഹാപ്പീ ന്യൂ ഇയര്‍...ര്‍..ര്‍.ര്‍.
സേം റ്റു യൂ സണോഫ് ശങ്കര്‍....
വെല കുറയും ന്നാ ശ്രുതി..
കുറയും മനുഷ്യന്റെ!. തളപ്പ് കളയണ്ട. ഒരു പ്രൊട്ടക്ഷന് കൈയ്യില്‍ വച്ചോളൂ.
ഉം............