Saturday, 2 February 2008

ആദ്യ പ്രണയലേഖനം - അപൂര്‍ണ്ണം

അതെ,ഇനി എഴുതുക തന്നെ അല്ലെങ്കില്‍ അവളെന്തു കരുതും.എത്രനാളിങ്ങനെ കൊണ്ടുനടക്കും?
മാതൃഭൂമി ഡയറിയുടെ ഏട് ശ്രദ്ധാപൂര്‍വ്വം കീറിയെടുത്തു, അവിടവിടെ എലി കരണ്ടപോലെയായപ്പോള്‍ സ്കെയിലു വച്ചുകൃത്യം വീതിയില്‍കീറിയെടുത്തു.
ശ്ശെ, വീതിവല്ലാതെ കുറഞ്ഞോ? എന്തെങ്കിലുമാവട്ടെ
പേനയെടുത്തു
പ്രിയേ..... ഹേയ്, അതുവേണ്ട,പ്രിയേന്നൊക്കെ എല്ലവരുമങ്ങു കാച്ചുന്നതല്ലേ നമുക്കൊരു വെറൈറ്റിവേണ്ടേ?
പ്രിയപ്പെട്ടവളെ,!!!!!!!ശ്ശെ വെലകൊറവ്.
സഖീ... ഛെ, മഹാമോശം ഞാനാര് ദുഷ്യന്തനോ?
ഡിയര്‍..........ഹൂ.... യെന്തരോ ഒരു കൊറവ്.!
ഡാര്‍ലിംഗ് ............ അതു കൊറേ ഓവറാവില്യേ?
സ്വീറ്റ്,ലൗലി, ശ്ശെ ശ്ശെ മഹാ ബോറ്......
ഇതിത്ര പാടുള്ള പരിപാടിയാണോ?
അമ്മ ഇപ്പോ ഉണ്ണാന്‍ വിളിയ്ക്കും അപ്പഴേയ്ക്കും ഒന്നെഴുതിത്തീര്‍ക്കണം.
വാഹനങ്ങള്‍ പോയിപ്പോയി ചരല്‍ കല്ലുകള്‍ ഒരരുകിലേയ്ക്കൊതുങ്ങി ക്കിടക്കുന്ന ആ തിരിവില്‍ വച്ച് നാളെയും അവളെക്കാണും. ഇളം റോസ് ചുരിദാറിട്ട്,ലേഡീസ് ബേഡിന്റെ ഒരു പുത്തന്‍ സൈക്കിളില്‍.

ഇഴയെടുത്തു കെട്ടിയ മുടിത്തുമ്പില്‍ നിന്നിറ്റു വീണ തുള്ളികളാല്‍ അവളുടെ വസ്ത്രമല്പം നനഞ്ഞിട്ടുണ്ടാകും ഒരു തുളസിക്കതിരോ,നന്ത്യാര്‍ വട്ടത്തിന്റെ ഇതളുകളോ, തെച്ചിപ്പൂക്കളോ മുടിയിലവിടവിടെ തങ്ങിക്കിടക്കുന്നുണ്ടാകും. അതങ്ങനെ കാണാന്‍ വേണ്ടി തിരിഞ്ഞു നോക്കിയപ്പോഴാണ് അന്ന് പിറകിലെന്തോ കൊണ്ടപോലെ പെട്ടന്നവള്‍ പിന്തിഞ്ഞു നോക്കിയത് കണ്ണുകളിലൂടെയാ പ്രകാശം കടന്നുള്ളില്‍ കയറിയത്,മനസ്സിലെവിടെയൊക്കെയോ അതേറ്റ്, സ്വസ്ഥത വെളിച്ചം കണ്ട പാറ്റകളെപ്പോലെ പരക്കംപാഞ്ഞു നടന്നത്.രാത്രികളില്‍ ലൈറ്റണഞ്ഞിട്ടും കണ്മുന്നിലവളിങ്ങനെ നിറഞ്ഞുനിന്നത്,ധനു മാസ നിലാവിണിഞ്ഞ നീണ്ട പാതയിലൂടവള്‍ അകലേ നിന്നു വരുന്നതും സങ്കല്പ്പിച്ച് രാത്രികള്‍ വെളുപ്പിച്ചത്....

നേരെ മാത്രം നോക്കി അലസമായി അവള്‍ വരുന്നത് ഇപ്പുറത്തുനിന്നേ കാണാം വെള്ള പൂക്കള്‍ പൂത്തു കിടക്കുന്ന വേലിത്തലപ്പുകള്‍ക്കിടയിലൂടെ.
അതിനുവേണ്ടീ സമയ നിഷ്ട പാലിക്കുന്നതിനാല്‍ ഇപ്പോള്‍ ഫാക്റ്ററിയില്‍ നേരത്തെ എത്താറുണ്ട്. മിനിട്ടു വൈകിയാല്‍ ആ തിരിവു നഷ്ടപ്പെടും പിന്നെ റോഡു മുഴുവന്‍ വൈക്കോലുണക്കുന്ന വീട്ടമ്മമാരുടെയും,മീന്‍ കച്ചവടക്കാരുടെയും പണിയ്ക്കു പോകുന്നവരുടേയും തിരക്കായിരിക്കും.

ടാ......
ഈ ചെക്കനവടെ എന്ത്..ട്ക്ക്വാ.....
വന്ന്..ട്ട് വല്ലതും കഴിച്ചിട്ട് കെടന്നോ അത്താഴപ്പട്ടിണി കെടക്കണ്ട..ഒറങ്ങ്യോ പുസ്തകും തലയ്ക്ക് വച്ചിട്ട്?
ശ്ശെ ഇന്നത്തെ ദിവസൂം ഗോവിന്ദ..... ദാ.... വരണു അമ്മേ ഒര് മിനിറ്റ്.