Monday, 25 February 2008

പുതിയ ബലിക്കോഴികള്‍ക്ക്.

കുഴിച്ചുമൂടുക അനുഭവങ്ങളെല്ലാം..
സ്മരണകളെല്ലാം മുഷിഞ്ഞ മണ്ണാത്തിക്കെട്ടുകള്‍.

ഓലക്കൊടിച്ചൂരുള്ള കട്ടങ്കാപ്പി,
കാഞ്ഞ എരിവുള്ള പരിപ്പുവട
കാന്താരി ചതച്ച ചമ്മന്തി.
പ്ലാവിലക്കുമ്പിളില്‍കോരിക്കുടിച്ച കുത്തരിക്കഞ്ഞി.
ഭ്ഫൂ.. വെറുക്കപ്പെടേണ്ട ഭൂതകാലങ്ങള്‍.

ഓര്‍മ്മയുടെ നടുമുറ്റം മെഴുകിയ
ചാണകമെല്ലാം ചുരണ്ടി റോഡരികില്‍ തള്ളുക.

മേദസ്സു മുറ്റിയ മീറ്റ്റോളും കോളയും
ആസ്വദിക്കണമെങ്കില്‍ വായിലെ ബാക്ടീരിയകളെ
മുഴുവന്‍പേസ്റ്റു തേച്ചുകൊന്നുകളയുക.

ചെമ്പന്തോട്ടിലെയും ആമക്കൊളത്തിലേയും
കലക്കവെള്ളം തേച്ചുപിടിപ്പിച്ച ഊതനിറം
ഇതാ പുതിയ-സോപ്പുകൊണ്ടു കഴുകിക്കളയുക.

അണ്ണന്‍ തരുംചിക്കന്‍ ആന്ധ്രതരും അരി,
ഇല്ലെങ്കില്‍ അര വയറങ്ങു മുറുക്കിയുടുക്കണം -ഹും! .

പ്രവസിയുടെ ചോര കലര്‍ന്ന വിയര്‍പ്പിലുയരുന്ന
മണിസൗധങ്ങളുടെ നിഴലിലേയ്ക്ക് മാറി
ദാരിദ്ര്യത്തിന്റെ ഉച്ചവെയിലേല്‍ക്കാതെ നമുക്കുതീര്‍ക്കാം
പുതിയൊരു വിപ്ലവം.
കൊടിച്ചോപ്പു വാടാതിരിയ്ക്കാന്‍ ചോരതരാന്‍-
ചവിട്ടു തുടങ്ങാത്ത ബലിക്കോഴികള്‍ ക്യൂവിലുണ്ടല്ലോ.