Wednesday, 30 April 2008

മേടകളുയരണം പാടത്തിന്‍ നെഞ്ഞത്ത്

മേടകളുയരണം പാടത്തിന്‍ നെഞ്ഞത്ത്
കുറ്റിയും കല്ലും ചുമന്നു മാറ്റീട്ടൊരു
കുന്നു കിളച്ചിട്ടു പാടമൊരുക്കിയ
പൂര്‍വ്വികരൊന്നും വരില്ലിനി നിശ്ചയം.

കുന്നു നിരത്തുന്ന യന്ത്രങ്ങളനവധി
കുഴികള്‍ നികത്തുന്ന യന്ത്രങ്ങളനവധി
എവിടെയും കേട്ടില്ല,എവിടെയും കണ്ടില്ല
യന്ത്രക്കരങ്ങളാല്‍ തീര്‍ത്തൊരു പാടത്തെ!.

നിറയാത്ത പെരുവയറുമായ് വരും ടിപ്പറില്‍
നിറയുന്നിതസ്ഥികള്‍,ചെന്നിറമ്മുറ്റുന്നമാംസവും.
ആര്‍ക്കുമേ വേണ്ടാത്ത ചവറു നിറയ്ക്കുവാന്‍
മാറിടം കാട്ടി ക്കിടക്കുന്നു പാടവും.

മാവും മരങ്ങളും വെട്ടിമാറ്റീട്ടവിടെ
ഓര്ക്കിഡിന്‍ തോട്ടങ്ങളാക്കി മാറ്റീടണം.
കൈയ്യാലൊരു പിടിമണ്ണു മാറ്റീട്ടൊരു
മാന്തൈയ്യു വയ്ക്കരുത് മാനം നശിക്കില്ലേ.

പാടമില്ലെങ്കിലും നാടുനന്നാവണം.
നാട്ടുവഴി വേണ്ട? എക്സ്പ്രസ്സു വേ മതി.
പ്ലാസ്റ്റിക്കു പാക്കറ്റിലരിയുണ്ട്,കോഴീണ്ട്
മിസ്കോളിലെത്തുന്ന ബ്രാന്റുണ്ട്,കോളയും.

വില്‍ക്കണം കേരളം കാല്പണം പൊന്നിന്.
ഫ്ലാറ്റുകള്‍ പൊന്തട്ടെ.
പ്ലാറ്റുഫോം സ്വര്‍ഗ്ഗത്തില്‍ പാഴ്ക്കിനാക്കള്‍ കാണും
വേപഥുവില്ലാത്ത വര്‍ഗ്ഗവും പെരുകട്ടെ.

Wednesday, 16 April 2008

കുത്തിച്ചുട്ടതാണ്

നിലം പറ്റെ വീശിയൊരുകാറ്റിലാണ്
കവിതയങ്ങനെ ചാഞ്ഞുവീണു പോയത്.

കുത്തനെനിന്നു പെയ്തൊരുമഴയിലാണ്
കതിരിലെല്ലാം കണ്ണീരു നിറഞ്ഞത്

വാരിപ്പുതച്ച വെണ്മഞ്ഞിനുടയാടയിലാണ്
നെറ്റിയില്‍ നിന്നു രക്താര്‍ച്ചന ചെയ്തത്

വിറച്ചു കൂനിയിരുന്ന ഭ്രാന്തമൗനത്തിനൊടുവിലാണ്
കുപ്പിവളകളെല്ലാം ആരോ ഉടച്ചുകളഞ്ഞത്

ഇടിഞ്ഞമരുന്ന കനലില്‍ സതിചെയ്തതല്ല,
കൂര്‍പ്പിച്ച പച്ചമുളന്തണ്ടുകൊണ്ട്
കുത്തിച്ചുട്ടതാണ് അവളെ.

Sunday, 13 April 2008

എങ്കിലുമൊരു കുല കണിക്കൊന്നപ്പൂവിതാ.....

കേള്‍ക്കുന്നോ വിഷുപ്പക്ഷിയുച്ചത്തില്‍ ഘോഷിക്കുമാ
'വിത്തും കൈക്കോട്ടു'മെന്ന പഴയ ശ്രുതി വീണ്ടും!
മനസ്സിന്നുള്ളിലേതോ കൊന്നയില്‍ വീണ്ടു മിതാ
പൊന്നലുക്കിന്റെ കൂട്ടം വിടര്‍ന്നു നിറയുന്നു.


അവധിക്കാലത്തിന്റെ യാഘോഷത്തിമിര്‍പ്പിനു
മാറ്റുകൂട്ടുവാനായിട്ടെത്തിടും വിഷുക്കാലം.
കണിയും കൈനീട്ടവും സ്വപ്നംകണ്ടുറങ്ങുമ്പോള്‍
വിളിക്കും അമ്മ വരൂ,കണ്ണുകള്‍ തുറക്കാതെ.


ഓട്ടുരുളിയിലൊരു കണ്ണന്റെ പ്രതിമയും,
മുന്നലായൊളിചിന്നും കൊന്നപ്പൂപുഞ്ചിരിയും,
തെളിഞ്ഞു കത്തുന്നൊരു നിറദീപവും പിന്നെ,
കണിവെള്ളരി,ചക്ക,കുല മാങ്ങയും ചേര്‍ന്നു
നിറയും മനം വിഷുക്കണിതന്‍ സമൃദ്ധിയില്‍.
അണയും പുതു വര്‍ഷൈശ്വര്യവു മാവേശിച്ചു
കത്തുന്നൂ കമ്പിത്തിരി,മേശപ്പൂ,മത്താപ്പുകള്‍.


കനവില്‍ നിറഞ്ഞൊരാ കണിതന്‍ നിറ ഭംഗി,
കാഴ്ചയില്‍ നിറഞ്ഞൊരാ പൂത്തിരിത്തെളിച്ചങ്ങള്‍,
കാതില്‍ വന്നലച്ചൊരാ പടഹ ധ്വനികളു-
മെങ്ങുപോയ്....കാലത്തിന്റെ യങ്ങേകവാടത്തിങ്കല്‍
എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുമോ ഒരു വേള?
ഇല്ലെന്നതറിഞ്ഞിട്ടും കനവിന്‍ വ്യാമോഹങ്ങള്‍!.

വാണിഭദ്ദുരകളാല്‍ മണലിലുയര്‍ന്നൊരീ-
ജ്യാമിതീ ഹര്‍മ്യങ്ങളില്‍ വരുമോ വിഷു?
ഇല്ല.വിഷമം വരാമൊരു വിഷു കൂടിയിന്നിതാ
വിടചൊല്ലുന്നൂവെന്നതോര്‍മ്മയില്‍ തെളിയുമ്പോള്‍.


എങ്കിലുമൊരു കുല കണിക്കൊന്നപ്പൂവിതാ
വെറുതേ തുടിക്കുമീ മനസ്സില്‍ വിടരുന്നൂ.

Monday, 7 April 2008

ഉരഞ്ഞു തീര്‍ന്നു പോകുന്നവയുടെ ഉള്ള്.

ഉരഞ്ഞു തീര്‍ന്നു പോകുന്നവയുടെ ഉള്ളില്‍നിന്ന്
ഉയരുന്നശബ്ദങ്ങള്‍ രോദനങ്ങളുടേതു മാത്രമല്ല.

കടുപ്പംകൊണ്ട് തേഞ്ഞുപോവാന്‍ മടിയ്ക്കുന്ന
ചിലതില്‍ നിന്നും അമര്‍ത്തിയപല്ലിറുമ്മലുകള്‍. ‍

അറിയാത്ത ഇരുണ്ട മാളങ്ങളില്‍ നിന്നുമിടയ്ക്ക്
ഇളം ജീവന്റെ മിടിപ്പുള്ള സംഗീതം.

കല്ലിനുള്ളില്‍നിന്നും ചിലപ്പോഴൊക്കെ കാട്ടുതേന്മധുരം
കാറ്റില്‍,വെയില്‍ കാഞ്ഞ ചെങ്ങണപ്പുല്ലിന്‍ വിയര്‍പ്പുമണം.

വേട്ടയ്ക്കൊരുങ്ങി ദംഷ്ട്രയിലിറ്റുന്നവിഷവുമായ്
ഒരു കൈയ്യിലൊരു കുഞ്ഞുപൂവ്വുമായ്
അതെ അവള്‍ തന്നെ ആ തൊട്ടാവാടി.

നിറമാര്‍ന്ന പൂക്കളില്‍ നിന്നു വാര്‍ന്നത്
ജീവനെ ദ്രവിപ്പിച്ചു കളയുന്ന അമ്ലരസം.

എങ്കിലും,എല്ലാമങ്ങനെ തേഞ്ഞു തീരാന്‍ വഴിയില്ല
എല്ലാമങ്ങനെ ഇടിഞ്ഞു തൂര്‍ന്നു പോവില്ല.

തേഞ്ഞു തീരാത്ത ചില മൃദുത്വങ്ങളും,
ഇടിഞ്ഞു പോവാത്ത ചില ദാര്‍ഡ്ഡ്യങ്ങളും
ശേഷിക്കാതിരിക്കയോ?