Monday, 30 June 2008

ഇടയിലെരിയുന്ന കനലുകള്‍.

ഒന്നുമില്ലെന്നു സമാധാനിക്കുമ്പോഴും
ഏതു കനലിന്റെ പൊട്ടലുകളാണുയരുന്നതുള്ളില്‍?
എത്ര വേനലുകളുണക്കിയെടുത്തവ,
എത്ര വര്‍ഷങ്ങളൊഴുക്കി ക്കളഞ്ഞവ!

എങ്കിലും ഏകാന്തതയുടെ
തണുത്ത നിമിഷങ്ങളില്‍
അവയിലൊരു കുഞ്ഞു കനല്‍ വീണു
തീ പടരുന്നു.

പിന്നെയും ബാക്കിയായ ചില ശേഷിപ്പുകളില്‍
പിറുപിറുത്തു കൊണ്ട് തീ പടരുന്നു.
ഉരുകാത്ത കട്ടിപ്പുറമ്പാളിക്കുള്ളിലായ്
വിങ്ങുന്ന ഹൃദയം തേങ്ങലൊതുക്കുന്നു.

മിഴിനീരിന്‍ പുഴയില്‍ നിമജ്ജനം കാത്ത്
ആ ശേഷിപ്പുകള്‍ മോക്ഷത്തിനായെന്റെ
നിഴലിന്റെ കൂടേ നടക്കുന്നു.

Thursday, 26 June 2008

അഭിനവ സ്മാര്‍ത്തവിചാരം

കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ കുളം കോരിക്കളഞ്ഞ കുറിയേടത്തു മന മണ്മറഞ്ഞു.പക്ഷേ ചരിത്രത്തില്‍ താത്രിയുടെ,സ്വന്തം പിതാവു മുതല്‍ കാവുങ്ങലെ കീചകവേഷക്കാ‍രന്‍ തുടങ്ങി സ്മാര്‍ത്ത വിചാരമവസാനിപ്പിക്കാന്‍ ഹേതു വായെന്നു കരുതുന്ന അംഗുലീയത്തിന്റെ കഥകള്‍ക്കുവരെ പുതു കിളിര്‍പ്പുകള്‍ പൊടിക്കുകയാണ്.താത്രിയെ അവസാനം മദ്രാസിലുള്ള ക്രൈസ്തവവിശ്വാസിയായൊരു വ്യവസായിയോ മറ്റോകൊണ്ടു പോയി അവരുടെ തലമുറ ഇപ്പൊഴും അന്തസ്സായി ജീവിക്കുന്നു എന്നൊക്കെയാണു തുടര്‍കഥകള്‍.താത്രിയെ പ്രാപിക്കാന്‍ അരങ്ങില്‍ നിന്ന് വേഷത്തോടെ കുളക്കടവില്‍ വന്നത് അരങ്ങിലെ വേഷങ്ങളുടെ തമ്പുരാനായിരുന്ന പ്രമുഖനയിരുന്നു.അതായിരുന്നു കുറിയേടത്തു മന സാവിത്രി അന്തര്‍ജ്ജനം എന്ന താത്രി.

അഭിനവതാത്രിമാര്‍ക്ക് ഇല്ലാത്തതും അതാണ്.
കേവലം കാമപൂരണത്തിന് നട്ടുച്ചയോ നടു റോഡെന്നോ ഇണയാരെന്നോ എത്തരക്കാരനെന്നോ പ്രശ്നമല്ല.അടിസ്ഥാനപരാമയ പ്രശ്നം ഒന്നു മാത്രം ലൈംഗിക ചോദനാ ശമനം.അത് ഏത് ജീവിക്കും പോലെ മനുഷ്യനും ബാധകമെന്നിരിക്കിലും,മറ്റുജീവികളുടെ ചുറ്റുപാടില്‍ നിന്നു വ്യത്യസ്ഥമായ,സൃഷ്ടിച്ചെടുത്തൊരു സാമൂഹ്യ ചുറ്റുപാടില്‍ ജീവിക്കുന്ന മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രതികരണത്തെക്കുറിച്ച് അല്പമെങ്കിലും ബോധവതിയായിരുന്നെങ്കില്‍ തിരുവസ്ത്രമെന്ന പെരില്‍ അവരണിഞ്ഞിരുന്ന ആ ഉടുതുണിയെങ്കിലും അവര്‍ ‍മാറ്റിവയ്ക്കുമായിരുന്നില്ലേ?.കാമപൂരണത്തിനപ്പുറം അതു മറ്റുള്ളവരെക്കൂടി പ്രദര്‍ശിപ്പിച്ചുകിട്ടുന്ന മനഃസുഖമോര്‍ത്തല്ലായിരുന്നെങ്കില്‍ അവര്‍ സമ്മതിക്കുമായിരുന്നോ അതിന്റെ വീഡിയോ പകര്‍ത്തുവാന്‍?തെരഞ്ഞെടുത്ത ഇണ അവന്‍ എത്ര വിശ്വസ്ഥനാണെങ്കിലും കുറച്ചു കാലം മുമ്പു നടന്ന കോളെജ് വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകളുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും മുറിവുകളെക്കുറിച്ചും
അവര്‍ എപ്പോഴെങ്കിലും അറിഞ്ഞിരിക്കില്ലെന്നാണോ? അത്രമാത്രം നിഷ്കളങ്കമായ ലൈംഗികതയാണോ അവര്‍ ആ വേഴ്ചയിലൂടെ ഉദ്ധേശിച്ചരിക്കുക?.ലൈംഗീക പീഡനക്കേസുകള്‍ ഫ്ലാഷ്ന്യൂസായും വെണ്ടക്കായായും കൂട്ടിക്കൊടുത്ത് കാശാക്കിമാറ്റുന്ന മാധ്യമ പിമ്പുമാരെ ഓര്‍ത്തില്ലെങ്കിലും സിറ്റികളിലെ വീടുകളുടെ കുളിമുറിയും അടുക്കളയും ബെഡ്റൂമും മൊബൈലില്‍ വീഡിയോ ക്ലിപ്പിങ്ങുകളായി പറന്നു നടക്കുന്ന വിവരം പോലും ഒന്ന് ഓര്‍ക്കാതിരിക്കാന്‍ വിധം ബോധശൂന്യയായിരുന്നോ അവര്?.
സമരമായിരുന്നിരിരിക്കാം അടിച്ചുറപ്പിച്ച ചട്ടക്കൂടുകള്‍ക്കെതിരെ,അല്ലെങ്കില്‍ മഗ്ദലനക്കാരി മറിയയ്ക്ക് മാപ്പു കൊടുത്ത ദൈവപുത്രരാണിപ്പൊഴും ലോകത്ത് എന്നു കരുതിയിരിക്കാം.

താത്രിക്ക് ഒരിടത്തു നിന്നും കിട്ടാതിരുന്ന ചിലത് അവര്‍ക്കു കിട്ടുന്നുണ്ട്.അവരെ സ്മാര്‍ത്തന്‍ കേവലം സാധനമാക്കി വിസ്തരിക്കില്ല,നീളന്‍ വേഷങ്ങള്‍ അഴിച്ചു വയ്ക്കപ്പെട്ട് ആരും ജാതിയില്‍ താഴ്ന്നവനാകേണ്ടി വരില്ല,പടിയടച്ചു പിണ്ഡം വെച്ച് തറവാടു കുളം കോരി തേവിടിശ്ശിയായി പ്രഖ്യാപിച്ച് നാടു കടത്തില്ല.
എല്ലാറ്റിനുമുപരിയായി അവര്‍ക്കു ചില ശക്തമായ പിന്തുണകള്‍ പോലും ലഭിച്ചേയ്ക്കാമായിരുന്നു.എന്നിട്ടും അവര്‍ ഒളിച്ചോടുക
അല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരിക എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു അനവസരത്തിലെത്തുന്ന ലൈംഗീകതയും തുറന്ന ലൈംഗികതയുമൊക്കെ എത്രമാത്രം പ്രാവൃത്തികമാണ് ഇന്നത്തെ സമൂഹത്തിലെന്ന്.

Tuesday, 24 June 2008

കൊരച്ചു നടക്കുന്ന പേ പിടിച്ച നായ്ക്കളോട്..

പ്രിയപ്പെട്ട എല്ലാ വായനക്കാരോടും

ക്ഷമിയ്ക്കുക പരുഷവാക്കുകള്‍ക്ക്.
വെറും രോഷത്തില്‍ നിന്നുമുയര്‍ന്ന,ചങ്ങലയ്ക്കിട്ടൊരു നാടന്‍ നായയുടെ കൊരയ്ക്കലായി കണ്ടാല്‍ മതി.
അഭിപ്രായം പറയാതെ പോവാം,കൊള്ളരുതാത്തവനെന്നു വിധിയ്ക്കാം,എങ്കിലുംഅനേകം ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കു ദാനം ചെയ്യാനെങ്കിലും കഴിയുമായിരുന്ന പാഠ പുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞ പട്ടികള്‍ നടു റോട്ടില്‍ ഞെളിഞ്ഞു നടക്കുമ്പോള്‍ പോസ്റ്റാതിരിക്കാനാവുന്നില്ല.

കൊള്ളില്ല എന്നറിഞ്ഞിട്ടും തോന്നുന്നെങ്കില്‍ മാത്രം വായിച്ചാല്‍ മതി.
കവിതയെന്ന ലേബല്‍ കൊടുക്കുന്നില്ല.


നായ്ക്കള്‍ക്കു പോലും അപമാനമണ് പിന്നെന്തു പേരു കൊടുക്കാന്‍.


നല്ലതു നായക്കു ചേരില്ല എങ്കിലും
അമൃതു വിളമ്പിയതഴുക്കില്‍ കളഞ്ഞിട്ടു
അമേധ്യം തിരയുന്ന നായിന്റെ മക്കളേ

പുസ്തകം ചുട്ടോരു ചാരത്തില്‍ നിങ്ങടെ
തലമുറ മുഴവനും പെറ്റു പെരുകട്ടെ

അലയുവാന്‍ നിങ്ങള്‍ക്കു തെരുവൊരുക്കീടുന്നു
അണയുവാന്‍ ചേരിചെളിക്കുണ്ടൊരുക്കുന്നു

നിങ്ങളെത്തമ്മില്‍ക്കടിപിടികൂടിക്കും
നിങ്ങടെ നേതാക്കള്‍-
വെള്ളക്കദറിട്ടു നായാടി നേടിയ
ചോരപ്പണം കൊണ്ടുമാളിക കെട്ടിയോര്‍.

അറിയില്ല നിങ്ങള്‍ കടിപിടിയൊച്ചയില്‍
കൂട്ടത്തിലൊരുവന്റെ പൊലിയുന്ന പ്രാണന്‍
ഉച്ചത്തിലുയരുന്ന രോദനം,ഒഴുകിപ്പടരുന്ന ചോര
കണ്ണീരില്‍ മുങ്ങി മരിക്കുമുടയവര്‍.

അതുവിറ്റ കാശിന്നധികാരപീഠത്തില്‍
ആസനമൂന്നിയിരിക്കുന്ന നേതാവിന്‍
ആക്രാന്തം,സംതൃപ്തി ആത്മസംതൃപ്തി.

വിദ്യയുപേക്ഷിക്ക മുദ്രാവാക്യങ്ങള്‍തന്‍
ഹിസ്റ്റീരിയതരും ലഹരിയില്‍ മുങ്ങുക.

അറിയില്ല നിങ്ങള്‍ക്ക്.
ഏടുകള്‍ കീറിയ,വക്കുചുരുണ്ടൊരു
മങ്ങിയ മഞ്ഞനിറം പൂണ്ടൊരാരാന്റെ-
പുസ്തകമതു പോലും വാങ്ങുവാനാവാതെ
വലയുന്നൊരുവനെ.

അറിയുന്നതെങ്ങനെ കണ്ണുകള്‍ കെട്ടുന്നു
കെട്ട ന്യായങ്ങള്‍തന്‍ നാറിയ ശീലയാല്‍
കുത്തി നിറയ്ക്കുന്നു മുദ്രാവാക്യങ്ങളാം
തീട്ടം-
നിങ്ങടെ വായിലീ നേതാക്കള്‍.

എങ്കിലും അറിയാതെ പോകുവതെങ്ങനെ?
നിങ്ങള്‍
വിശപ്പിന്‍ വിളിയെങ്ങാനൊരുനാളില്‍
കേള്‍ക്കുകില്‍?

Monday, 23 June 2008

Sunday, 15 June 2008

പഴി പറയാമോ ചാവേറെന്ന്?

നിറഞ്ഞ കാമ്പ്
ചുരണ്ടിമാറ്റി
ഉറച്ച തോടില്‍
നിറച്ചമര്‍ത്തി
അടിച്ചുറപ്പിച്ച്
വരിഞ്ഞു കെട്ടിയത്
പാത(തി)യില്‍ വച്ചു
പൊട്ടിത്തെറിച്ചാല്‍
പഴി പറയാമോ
ചാവേറെന്ന്?

Thursday, 12 June 2008

സന്ധ്യക്ക് ചിലയിടങ്ങളില്‍

ആരെടീ അവടെ വെളക്ക് കത്തിച്ചെ?

അതിനെന്താ ഉമ്മറത്തല്ലേ

ന്നോടൊന്നു ചോയ്ച്ച് ട്ടാവാര്‍ന്നില്യേന്ന്

പിന്നേ ഇര്ട്ടാവുമ്പോ ചൊയ്ച്ചിട്ടു വേണല്ലോ

ന്റകത്തൊരു വെളിച്ചല്യ പിന്ന്യാപ്പൊ മ്മറത്ത്

അവടൊരെണ്ണം കത്തിച്ച് വെച്ചൂടെ

ആരാപ്പതൊന്ന് കത്തിക്കാന്‍ ഇബടെ?

കൂട്ട്യാറ്റ്ല്യാച്ചാല്‍ ആര്നേങ്കില്വൊന്നാ വിളിച്ചൂടെ?

ഞാന് പ്പോ വിളിച്ച് ട്ട് വേണോ വന്നങ്ക് ട് കത്തിക്ക്വല്ലേ വേണ്ടേ? അല്ലാച്ചാല്‍ ഉമ്മറത്തേങ്കുട്യങ്കട് കെട്ത്തിക്കോളൂ.

കാര്‍ന്നോരേ പണ്‍ടത്തെ കാലോന്ന്വല്ലപ്പൊ കല്പ്പന കാര്യം നടത്ത്യേ കാലം, അതു പണ്ട്.

വെട്ടം വേണ്ടാച്ചാല്‍ കണ്ണടച്ചിര്ന്നോളൂ.

Tuesday, 10 June 2008

ഒരാനക്കാരന്റെ മാത്രം,ഇനി പിറകേ വരുന്നവരുടേയും.

ഞാനാ സുപ്രമണ്യന്‍
ഊരമന വിനയന്‍ ചവിട്ടിക്കൊന്നോന്‍
മനസ്സിലാവില്യ
ഹഹ യ്ക്കറിയാം മനസ്സിലാവില്യ
യ്യ് ന്നലെ മൊബെയല് ഫോണ് ല് കണ്ട
ആനേന്റെ പാപ്പാന്‍.....

നെലത്ത് ട്ട് കുത്തണ കണ്ടില്യേ
കാലോണ്ട് തട്ടണ കണ്ടില്യേ
കൊമ്പില് കോരണ കണ്ടില്യേ
തുമ്പ്യോണ്ട് എറിയണ കണ്ടില്യേ

മനം പെരട്ടുണൂന്ന് പറഞ്ഞ് ട്ട്
വെള്ളം വീഴ്ത്താതെ മോന്തീട്ട്
കണ്ണൊന്നു തിരുമ്മീട്ട്
യ്യ് ചോയ്ച്ചില്യേ?

എന്തിനാ അയ്യാളതിന്റെ മുന്നില്‍ക്ക് ചാട്യേ
പ്രാന്തെളകി നിക്കണേന്റെ കൊമ്പിന്റെ ചോട്ടില്ക്ക്
വിഢ്ഢി.......

ഇനിയ്ക്കൊന്നും പറയാല്യ
ന്നാലും,അഞ്ചു മിനിട്ടോണ്ട്
അമ്പതുര്‍പ്യയ്ക്ക് ന്റെ ചാവുകാഴ്ച
നാടുമുഴ്വോനും കാണണുണ്ട്
കണ്ടോരൊക്കെ കഷ്ടം വയ്ക്കണുണ്ട്.
കാണാത്തോര്ക്കൊക്കെ കാട്ടിക്കൊടുക്കണുണ്ട്

ചോരപ്പൂ വെതറി
തുറിച്ച കണ്ണുംകൊണ്ട്
ചിതറി ത്തെറിച്ച മെയ്യും കൊണ്ട്
പുത്യേ കാഴ്ചകള് വെര്വാണ്

വഴീല്ട്ട് വെട്ടണത്,
തലയറത്ത് മാറ്റണത്
പടക്കെറിഞ്ഞ് കൊല്ലണത്
തെളച്ച റോട്ടില് ചോരവാര്‍ന്ന്
വെള്ളം ചോയ്ച്ച് പെടയണത്

ഇവിടെ വച്ച് ഇത് എത്രവേണമെങ്കിലും പിരിച്ചു കൊണ്ടു പോകാവുന്ന ഒരു കയറായിമാറുന്നു.
അതൊടുവില്‍ നമ്മളെത്തന്നെ ചുറ്റിവരിയുന്നു.

ചോരയില്‍ മുക്കിയ ഒരിഴ ഇങ്ങനെ ചേര്‍ക്കാം
കൊല്ലം തീവണ്‍യാപ്പീസിനു തൊട്ട്
അറ്റു പോയ വലതുകരവുമായി
തീവണ്ടിയെഞ്ചിനടിയില്‍
അല്പം കരുണതേടി
ഒരു പെണ്‍കുട്ടി.

മനസ്സാക്ഷിയെന്നേമരിച്ച ജനക്കൂട്ടത്തില്‍ നിന്നും
അമ്മയോ,മകളോ,പെങ്ങളോ,കാമുകിയോ,ഭാര്യയോ ഉള്ള
ഒരാളുണ്ടായി വരാന്‍ അരമണിക്കൂറെടുത്തു.
അവള്‍ക്കു ജീവന്‍കിട്ടി
ഒരു ജീവിതം പോയെങ്കിലും.

ഇനി വരും കാഴ്ചകള്‍ ഇമെയിലില്‍
ഫോട്ടോയായി,വീഡിയോ ക്ലിപ്പായി
കണ്ടു മറക്കുക കണ്ടു മറക്കുക
പുതിയ കാഴ്ചയ്ക്കു കാത്തിരിക്കുക.

ഒടഞ്ഞരഞ്ഞ പുത്യേ കാഴ്ചോളടെടയ്ക്ക്

ആര്ക്കും വേണ്ടാത്തൊര് കാഴ്ചേണ്ട്
ആനക്കാരന്റെ പെര
ആനക്കാരന്റെ പെണ്ണ്
തള്ളാളര്‍ത്തിക്കുട്ട്യോള്

ആലോയ്ക്കുമ്പോ തോന്ന്വാണ്
എന്തിനാ ഞാനയ്ന്റെ മുന്ന് ല് ചാട്യേ
നാലഞ്ചെണ്ണം അരഞ്ഞൂച്ചാല്‍ ങ്ങക്കും കോളല്ലേ
അമ്പതുര്‍പ്യേം കൂടി കൂട്ടി വാങ്ങാര്ന്നു
അയ്യഞ്ചു മിന്ട്ടും കൂടി കണ്ണ് നെറെ കാണാര്‍ന്നു
ചാവ്,അലമുറ....

ന്നാലും സാരല്യ
ഒരാനക്കാരന്റെ കുടുമ്മല്ലേ
ഒരാനക്കാരന്റെ മാത്രം.