Thursday, 26 June 2008

അഭിനവ സ്മാര്‍ത്തവിചാരം

കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ കുളം കോരിക്കളഞ്ഞ കുറിയേടത്തു മന മണ്മറഞ്ഞു.പക്ഷേ ചരിത്രത്തില്‍ താത്രിയുടെ,സ്വന്തം പിതാവു മുതല്‍ കാവുങ്ങലെ കീചകവേഷക്കാ‍രന്‍ തുടങ്ങി സ്മാര്‍ത്ത വിചാരമവസാനിപ്പിക്കാന്‍ ഹേതു വായെന്നു കരുതുന്ന അംഗുലീയത്തിന്റെ കഥകള്‍ക്കുവരെ പുതു കിളിര്‍പ്പുകള്‍ പൊടിക്കുകയാണ്.താത്രിയെ അവസാനം മദ്രാസിലുള്ള ക്രൈസ്തവവിശ്വാസിയായൊരു വ്യവസായിയോ മറ്റോകൊണ്ടു പോയി അവരുടെ തലമുറ ഇപ്പൊഴും അന്തസ്സായി ജീവിക്കുന്നു എന്നൊക്കെയാണു തുടര്‍കഥകള്‍.താത്രിയെ പ്രാപിക്കാന്‍ അരങ്ങില്‍ നിന്ന് വേഷത്തോടെ കുളക്കടവില്‍ വന്നത് അരങ്ങിലെ വേഷങ്ങളുടെ തമ്പുരാനായിരുന്ന പ്രമുഖനയിരുന്നു.അതായിരുന്നു കുറിയേടത്തു മന സാവിത്രി അന്തര്‍ജ്ജനം എന്ന താത്രി.

അഭിനവതാത്രിമാര്‍ക്ക് ഇല്ലാത്തതും അതാണ്.
കേവലം കാമപൂരണത്തിന് നട്ടുച്ചയോ നടു റോഡെന്നോ ഇണയാരെന്നോ എത്തരക്കാരനെന്നോ പ്രശ്നമല്ല.അടിസ്ഥാനപരാമയ പ്രശ്നം ഒന്നു മാത്രം ലൈംഗിക ചോദനാ ശമനം.അത് ഏത് ജീവിക്കും പോലെ മനുഷ്യനും ബാധകമെന്നിരിക്കിലും,മറ്റുജീവികളുടെ ചുറ്റുപാടില്‍ നിന്നു വ്യത്യസ്ഥമായ,സൃഷ്ടിച്ചെടുത്തൊരു സാമൂഹ്യ ചുറ്റുപാടില്‍ ജീവിക്കുന്ന മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രതികരണത്തെക്കുറിച്ച് അല്പമെങ്കിലും ബോധവതിയായിരുന്നെങ്കില്‍ തിരുവസ്ത്രമെന്ന പെരില്‍ അവരണിഞ്ഞിരുന്ന ആ ഉടുതുണിയെങ്കിലും അവര്‍ ‍മാറ്റിവയ്ക്കുമായിരുന്നില്ലേ?.കാമപൂരണത്തിനപ്പുറം അതു മറ്റുള്ളവരെക്കൂടി പ്രദര്‍ശിപ്പിച്ചുകിട്ടുന്ന മനഃസുഖമോര്‍ത്തല്ലായിരുന്നെങ്കില്‍ അവര്‍ സമ്മതിക്കുമായിരുന്നോ അതിന്റെ വീഡിയോ പകര്‍ത്തുവാന്‍?തെരഞ്ഞെടുത്ത ഇണ അവന്‍ എത്ര വിശ്വസ്ഥനാണെങ്കിലും കുറച്ചു കാലം മുമ്പു നടന്ന കോളെജ് വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകളുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും മുറിവുകളെക്കുറിച്ചും
അവര്‍ എപ്പോഴെങ്കിലും അറിഞ്ഞിരിക്കില്ലെന്നാണോ? അത്രമാത്രം നിഷ്കളങ്കമായ ലൈംഗികതയാണോ അവര്‍ ആ വേഴ്ചയിലൂടെ ഉദ്ധേശിച്ചരിക്കുക?.ലൈംഗീക പീഡനക്കേസുകള്‍ ഫ്ലാഷ്ന്യൂസായും വെണ്ടക്കായായും കൂട്ടിക്കൊടുത്ത് കാശാക്കിമാറ്റുന്ന മാധ്യമ പിമ്പുമാരെ ഓര്‍ത്തില്ലെങ്കിലും സിറ്റികളിലെ വീടുകളുടെ കുളിമുറിയും അടുക്കളയും ബെഡ്റൂമും മൊബൈലില്‍ വീഡിയോ ക്ലിപ്പിങ്ങുകളായി പറന്നു നടക്കുന്ന വിവരം പോലും ഒന്ന് ഓര്‍ക്കാതിരിക്കാന്‍ വിധം ബോധശൂന്യയായിരുന്നോ അവര്?.
സമരമായിരുന്നിരിരിക്കാം അടിച്ചുറപ്പിച്ച ചട്ടക്കൂടുകള്‍ക്കെതിരെ,അല്ലെങ്കില്‍ മഗ്ദലനക്കാരി മറിയയ്ക്ക് മാപ്പു കൊടുത്ത ദൈവപുത്രരാണിപ്പൊഴും ലോകത്ത് എന്നു കരുതിയിരിക്കാം.

താത്രിക്ക് ഒരിടത്തു നിന്നും കിട്ടാതിരുന്ന ചിലത് അവര്‍ക്കു കിട്ടുന്നുണ്ട്.അവരെ സ്മാര്‍ത്തന്‍ കേവലം സാധനമാക്കി വിസ്തരിക്കില്ല,നീളന്‍ വേഷങ്ങള്‍ അഴിച്ചു വയ്ക്കപ്പെട്ട് ആരും ജാതിയില്‍ താഴ്ന്നവനാകേണ്ടി വരില്ല,പടിയടച്ചു പിണ്ഡം വെച്ച് തറവാടു കുളം കോരി തേവിടിശ്ശിയായി പ്രഖ്യാപിച്ച് നാടു കടത്തില്ല.
എല്ലാറ്റിനുമുപരിയായി അവര്‍ക്കു ചില ശക്തമായ പിന്തുണകള്‍ പോലും ലഭിച്ചേയ്ക്കാമായിരുന്നു.എന്നിട്ടും അവര്‍ ഒളിച്ചോടുക
അല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരിക എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു അനവസരത്തിലെത്തുന്ന ലൈംഗീകതയും തുറന്ന ലൈംഗികതയുമൊക്കെ എത്രമാത്രം പ്രാവൃത്തികമാണ് ഇന്നത്തെ സമൂഹത്തിലെന്ന്.