വേട്ടപ്പട്ടികള്‍ കൊല്ലുന്നത് എന്തിനു വേണ്ടിയാണെന്ന്
ഇടയ്ക്കൊക്കെ ചിന്തിക്കാന്‍ തോന്നുന്നു.
അവയ്ക്കു പിന്നാലെ ശവം മണത്തെത്തുന്ന
ചാവാലിപ്പട്ടികളുടെ പ്രോത്സാഹനം കൊണ്ടാവുമോ?
കൊല്ലപ്പെടാന്‍ വിധിക്കപെട്ടവയെന്നു വച്ച്
ഓരോ തവണയും ഓട്ടം തുടങ്ങുമ്പോള്‍
ഒടുവിലാവരുതേ എന്നു മാത്രമല്ലേയുള്ളൂ.
പിറകില്‍ നിന്നു പ്രാണന് പിടഞ്ഞു പോകുന്ന
ഒരു നിലവിളി കേട്ടാല്‍ തിരിഞ്ഞു നില്ക്കാം
ഇന്നത്തേയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വസത്തില്‍
ദീര്‍ഘ നിശ്വാസം ചെയ്യാം,
വീഴ്ത്തപ്പെട്ടവയെ ഭീതിയോടെ നോക്കിനില്ക്കാം
ചോരയിറ്റുന്ന ദംഷ്ട്രയുമായി നായ്ക്കള്‍
പറന്നമരുന്ന കഴുക്കള്,കഴുതപ്പുലികള്‍,കുറുനരികള്‍
ഓടിക്കൊണ്ട് എത്ര തവണ രക്ഷപ്പെടാനായേക്കും?
തലയിലുള്ളത് കിരീടമല്ല കൊമ്പുകളാണെന്നും,
കുളമ്പുകള്‍ക്ക് കല്ലുളിയുടെ മൂര്‍ച്ചയുണ്ടെന്നും
തേറ്റകളില്‍ നിന്ന് ഇടിമിന്നല്‍ പാളുമെന്നും
ഒരു നാള് തെളിയിക്കേണ്ടി വരില്ലേ?
ഇരയാകാന്‍ തിരഞ്ഞെടുക്കപ്പെടുന്ന അന്നെങ്കിലും.
മുറിവേല്‍ക്കുന്ന പട്ടികളെക്കുറിച്ച്
ആവലതിപ്പെടാന്,പരാക്രമങ്ങളോര്ത്തു വിലപിക്കാന്‍
ഔഷധ ലേപനം ചെയ്തു തലോടാന്‍
പട്ടികളേക്കാള്‍ യജമാനസ്നേഹം കാണിക്കുന്ന സേവകരുണ്ട്.
നായ്ക്കളുടെ തത്വ ശാസ്ത്രം
യുഗങ്ങളെത്ര കഴിഞ്ഞാലും മാറില്ലല്ലോ
കഴുത്തിലൊരു ചങ്ങലപ്പാട്,
എറിഞ്ഞുകിട്ടുന്ന എച്ചിലില്‍ മൃഷ്ടാന്നം
വായ്ത്താരിയില്‍ വരിയുടയ്ക്കപ്പെട്ട ധീരത.
വേട്ടയില്ലെങ്കില്‍ കെട്ടിയ കുറ്റിയില്‍ കിടന്നു
യജമാനസ്നേഹം മോങ്ങിത്തീര്ക്കാന്
വിധിക്കപ്പെട്ട വ്യര്‍ത്ഥ ജന്മങ്ങള്.