വസന്തങ്ങളുടെ
അസ്ഥിമാടത്തിലെ പൂക്കളെന്ന്
ചുറ്റും ചോപ്പു തുപ്പിയിട്ടിരിക്കുന്നു.
വര്ത്തമാനത്തിലേക്കിഴഞ്ഞുപോരവേ
ഊരിയിട്ട ഉറയെവിടെയെന്ന്,
തിരിച്ചുകയറാന്‍
മാളങ്ങള്‍ മണ്ണെടുത്തുപോയ
ഒരു പാമ്പ് പരതിക്കൊണ്ടേയിരിക്കുകയാണ്.
ഇല്ലിയിട്ടു വലിച്ച്നീറിയിട്ടും
ശ് ശ് ശ് പതിയെ! എന്ന് കാറ്റ്.
മുളങ്കൂടിനുള്ളില്
ഉറക്കച്ചടവുള്ളൊരു നത്തുണ്ടെന്ന്!
നെറുന്തലയില്‍ ഉത്തരമമരുമ്പോള്
കാടേ......
എന്റെ കനവിന്റെ നാടേയെന്ന്
കടഞ്ഞുവച്ച നെടുന്തൂണ്
ചിരിച്ചു കേഴുന്നുണ്ട്.
ഒറ്റ വെളിച്ചത്തില്‍
ചുവന്ന തിരശീല,ഉള്ളില്‍
വേഷങ്ങളഴിച്ചൊരുങ്ങുന്ന
വിധികര്‍ത്താക്കള്‍
ഇടനാഴിയില്‍നിന്ന്
താക്കോല്‍കൂട്ടം
തല്ലിയറഞ്ഞു ചിരിക്കുന്നത്
കേള്‍ക്കുന്നില്ലേ?