Monday, 13 December 2010

ബാറിലെമെന്റല്‍ സംവിധാനത്തില്‍ ആശങ്ക

ഹെഡിംഗുകണ്ട് തെറ്റിദ്ധരിച്ചു എന്നു പരാതിപ്പെടാന്‍ തുടങ്ങുന്നവര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് സംവിധാനത്തിന്റെ സമീപകാല ദൃശ്യങ്ങള്‍ ഒരാവര്‍ത്തി കാണാന്‍ അപേക്ഷ.

ശങ്കയും,ആശങ്കയും,ആപത്ശങ്കയുമൊക്കെ ഒരു പരിധി വരെ നല്ലതു തന്നെ എന്നാല്‍ അങ്ങനെ ശങ്കാപങ്കിലമായ അവസ്ഥ തരണംചെയ്യാന്‍ ഒരു വിനോദയാത്രകൊണ്ട് കഴിയുമോ?പ്രത്യേകിച്ച് പുരയ്ക്കു തീപിടിക്കുന്നു എന്ന ഒരവസ്ഥയിലെങ്കിലും? ഇല്ലെങ്കിലും വേണ്ടില്ല യാത്ര ഒഴിവാക്കാനാവില്ല എന്നാണ് 'പ്രധാനപാര്‍ലമെന്‍റേറി'യന്‍ പറയുന്നത്. നാറി,പരനാറി,കഴുവേറി എന്നിങ്ങനെ '' കാരാന്തമായ മലയാളിയുടെ പദസമ്പത്തുകളിലൊന്നും സ്ഥാനം കിട്ടാത്ത ഒരു പഥമാണ് 'പാര്‍ലമെന്‍റേറി'.കൂട്ടിക്കിഴിച്ചു നോക്കിയാല്‍ എല്ലാറ്റിന്റേയും അര്‍ത്ഥമൊക്കെ ഒന്നു തന്നെ.പ്രധാനപാര്‍ലമെന്‍റേറി ഉല്ലാസയാത്രയ്ക്കിട യിലായാലും പുരയ്ക്കു തീപിടിക്കുമ്പോള്‍ വായിക്കുന്ന രാഗം മേഘമല്‍ഹാരമായാല്‍ നല്ലത്,അല്ലെങ്കില്‍ വീണവായന കഴിഞ്ഞ് വരുമ്പോള്‍ പുര നിന്നിടത്തുണ്ടായേക്കാവുന്ന വെണ്ണീറു കുഴിയില്‍ പൂച്ചക്കാഷ്ടം കിടക്കുന്നതു കണ്ട് കഷ്ടം വ്യ്ക്കേണ്ടിവരും.വീണവായനക്കിടക്ക് പ്രധാനപാര്‍ലമെന്‍റേറിക്ക് ഒരുശങ്ക തോന്നുകയും അതിങ്ങനെ പത്രങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു "പാര്‍ലമെന്‍ററി സംവിധാനത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി" അടിയന്തിരാവസ്ഥയായിരിക്കും മെച്ചം.എന്തുകൊണ്ടാണ് ആശങ്ക എന്നതിരിക്കട്ടെ എന്താണ് പാര്‍ലമെന്‍ററി സംവിധാനം എന്നറിഞ്ഞാലല്ലേ അങ്ങെനെയൊരു സംവിധാനം വേണ്ടതാണോ വേണ്ടാത്തതാണോ എന്നറിയുകയുള്ളൂ.

പാര്‍ലമെന്‍ററി സംവിധാനം എന്നാല്‍ എന്ത്? ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിക്കുക.

പാര്‍ലമെന്‍റേറിയന്മാരാല്‍ പാര്‍ലമെന്‍റേറിയന്മാര്‍ക്കുവേണ്ടി നിലകൊള്ളുന്ന നിലവിലുള്ള വ്യവസ്ഥിതിയെ പാര്‍ലമെന്‍ററി സംവിധാനം എന്നു പറയപ്പെടുന്നു.ഇതെങ്ങനെ വലിച്ചുനീട്ടി ഒന്നരപ്പുറം തികയ്ക്കും? ഏറിയാല്‍ ഇത്രകൂടി പറയാം. സംവിധാനം ഉരുത്തിരിയുന്നത് എങ്ങനെയാണെന്നുവച്ചാല്‍ പണക്കാരന്റെ പണമുപയോഗിച്ച് സാദാരണക്കാരന്റെ ഉന്നമനത്തിനെന്ന് പരസ്യം ചെയ്ത് അവരുടെ വോട്ടുവാങ്ങി പാര്‍ലമെന്‍റിലെത്തുന്നവരുടെ കൂട്ടായ്മയിലൂടെയാണ്.ധനികന്റെ ആശ്രിതനാവാനുള്ള അവകാശവും,സാദാരണക്കാരനെ ഭരിക്കാനുമുള്ള അധികാരവും അയ്യഞ്ചു വര്‍ഷത്തേക്ക് തീറുവാങ്ങി,അവരുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളവും സര്‍വ്വാനുകൂല്യങ്ങളും പറ്റുകയും തോന്നിയ ശതമാനം വര്‍ദ്ധനവ് കാലാകാലങ്ങളില്‍ ഏകകണ്ഠമായി പാസ്സാക്കുകയും,പിന്നെയും പോരാതെ അതേ പണം മോഷ്ടിച്ച് പങ്കിട്ടെടുക്കുകയും അവരുടെ മടിശീലകളില്‍ കയ്യിടാന്‍ ധനികര്‍ക്ക് അധികാരം നല്‍കുന്നതില്‍ ഒരുമിച്ചു നില്‍ക്കുകയും കുറവു പങ്കുകിട്ടിയവന്‍ കെറുവിക്കുമ്പോള്‍ അവനെ പറഞ്ഞൊതുക്കി കൂടെ നിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്യുന്നതിലുമാണ് സംവിധാനത്തിന്‍റെ നിലനില്പ്പ്.ഇങ്ങനെ ഒരു പാര്‍ലമെന്‍റ് നിലനിന്നില്ലെങ്കില്‍ പ്രധാനന്‍ തലേക്കെട്ടും കെട്ടി വല്ല കടുകുപാടത്തിനും കണ്ണുപറ്റാതിരിക്കാന്‍ കയ്യും വിടര്‍ത്തി നില്‍ക്കേണ്ടിവരില്ലേ.ഈയിടെയായി ചില അസ്വാരസ്യങ്ങള്‍ പാര്‍ലമെന്റില്‍ നിന്നും പുറത്തേക്കു കേട്ടു തുടങ്ങിയിട്ടുണ്ട്.അതുകൊണ്ടാവാം സാദാരണക്കാരന്‍ റിയാലിറ്റിഷോകള്‍ നിര്‍ത്തിവച്ച് പാര്‍ലമെന്റ് സമ്മേളനം കാണാനും തുടങ്ങി,ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണോടു കൂടി നിര്‍ത്തിയേക്കും എന്നൊക്കെയാണ് ശ്രുതി. അപ്പോഴും കാണിക്ക് ഒരു വിഷമം മാത്രം അവസാനം ആര്‍ക്ക് എസ് എം എസ് അയക്കണം!? ആര്‍ക്കെങ്കിലുംഒരെസ്സെമ്മെസ്സയക്കാതെഒരു ദിവസം പൂര്‍ത്തിയാക്കുന്നതെങ്ങനെ? കോമണ്‍വെല്‍ത്ത്കുംഭകോണം,സ്പെക്ട്രംകുംഭകോണം, ഫ്ലാറ്റ്കുംഭകോണം, ഭക്ഷ്യധാന്യക്കുംഭകോണം എന്നിങ്ങനെ കേള്‍ക്കുമ്പോള്‍ അവര്‍ ഏറ്റവും വലിയ കുംഭകോണക്കാരന് എസ് എം എസ് അയക്കാമെന്നു കരുതും അപ്പോഴേക്കും കുളിച്ചില്ലെങ്കിലും കോണം പുരപ്പൊറത്തുണ്ട് എന്ന ചൊല്ലിനെ അനുസ്മരിപ്പിച്ച് പത്താള്‍ക്കുടുക്കാനുള്ള കോണവും തലേക്കെട്ടി ഇപ്പൊക്കരയും എന്നഭാവത്തില്‍ പ്ര.പാര്‍ലമെന്‍റേറി സ്ക്രീനിലെത്തും,പാവം പ്രേക്ഷകന്റെ വിഷമം ആരു കാണാന്‍!.പോകെപ്പോകെ ജഡ്ജസ് പോലും പാര്‍ലമെന്‍റേറിയന്‍ ആശയത്തിന് എതിരാണോ എന്ന് ഒരു പാര്‍ലമെന്‍റേറിയന്‍ സംശയിക്കാനിടയുണ്ട്,കാരണം പാമോയില്‍ കേസിലൂടെപാര്‍ലമെന്റേറിയന്‍മാര്‍ക്കും പൊതു ജനത്തിനും വേണ്ടത്ര സംതൃപ്തി നല്‍കുന്ന പ്രകടനം കാഴ്ച്ച വച്ച മഹാനെ സ്പെക്രം കേസുകൂടി ഒന്നന്വേഷിച്ച് ഒരരുക്കാക്കിത്തരാന്‍ നിയോഗിച്ചതായിരുന്നു,എന്നിട്ടോ? കേറി എടപെട്ടളഞ്ഞില്ലേ കോടതി!

പണ്ട് ലാലു ഭയ്യാമാരോട് ചോദിച്ചത്രേ അരേ ഭയ്യാ......ബെന്‍സും,ബി എം ഡബ്ല്യുവും എന്തിന് ഒരമ്പാസിഡറ് കാറു പോലുമില്ലാത്ത നിങ്ങള്‍ക്കെന്തിനാ ടാര്‍ ചെയ്ത റോഡ്? കളവണ്ടികള്‍ക്കു പോകാന്‍ കല്ലുവഴി തന്നെ ധാരാളമല്ലേ? എല്ലാവരും ഒരുമിച്ച് അതേ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കിയെന്ന്, കുലുക്കല്‍ തന്നെ കുലുക്കിത്താഴെയിടാനായിരുന്നു എന്ന് ലാലുവിന് ഈയിടെ മനസിലായിട്ടേയുള്ളൂ എന്നാണ് കേട്ടു കേള്‍വി.അല്ലെങ്കിലിപ്പൊ സ്പെക്ട്രം കൊണ്ട് ഇന്ത്യക്കാരന്‍ എന്തോകാട്ടാനാ പുഴുങ്ങിത്തിന്നാനൊക്കുമോ? ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ലേശം സ്പെക്ട്രമെടുത്ത് നുമ്മടെ മുണ്ടന്‍രാജ അത്യാവശ്യക്കാരന് കൊടുത്തു,കാരണവര്‍ അതിന്റെ കണക്കു ചോദിച്ചപ്പോള്‍ കണക്കു പുസ്തകത്തില്‍ അരിച്ചും ഗുണിച്ചും ഒരിത്തിരി നേരം വൈകിയതിന് സിംഗെന്തു പിഴച്ചു? ഒരു തലേക്കെട്ടു കെട്ടാന്‍ തന്നെ ദിവസം നേരമെത്രവേണമെന്ന് ഇവര്‍ക്കൊക്കെ വല്ല വിചാരവുമുണ്ടോ? പ്രധാനപാര്‍ലമെന്‍റേറിയനായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് ഇങ്ങനെ ക്രൂശിക്കരുത്.പ്രതിപക്ഷത്തിന്റെ ഇല്ലം ചുടലിനിടയ്ക്കാണ് കോടതി മണ്ണെണ്ണ തെളിക്കുന്നതെന്നോര്‍ക്കണം,അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനിതിലെന്തു കാര്യം എന്നു മനസിലാകുന്നില്ല രാമനോ,കൃഷ്ണനോ,ശിവനോ,എന്തിന് ഒരു ജഡായു പോലും പോക്കുവരവുള്ള വഴിയൊന്നുമല്ലല്ലോ മുണ്ടന്‍രാജ പതിച്ച് നല്‍കിയത് ഇത്ര കഠോരമായി പ്രതിഷേധിക്കാന്‍ ? ഇതിങ്ങനെ പോയാല്‍ ഒരു പാര്‍ലമെന്‍റേറിയന് ഇന്ത്യയില്‍ എന്തു വില? സംഗതി ഇങ്ങനെയൊക്കെ ആയസ്ഥിതിക്ക് മനസുമടുത്ത് കിട്ടിയ വണ്ടിക്ക് നമ്മുടെ പ്രധാനപാര്‍ലമെന്റേറി തലേക്കെട്ടും തലവിധിയും താങ്ങി ജര്‍മ്മനിയിലേക്ക് തീര്‍ത്ഥയാത്ര പോയിരിക്കുകയാണ്.


അവിടത്തെ ഏതോ പബ്ലിക് ടോയ്ലറ്റില്‍ കക്ഷി സ്വന്തം പാര്‍ലമെന്ററി സംവിധാനാശങ്ക തീര്‍ത്തുവത്രേ.കാര്യം സാധിച്ചാല്‍ പിന്നെ മിണ്ടാതെ എഴുന്നേറ്റുപോയാപ്പോരെ അവിടെയിരുന്ന് കഴുതരാഗം പാടി ആളുകളെ അറിയിക്കണോ എന്ന അര്‍ത്ഥത്തില്‍ അവരു ചോദിച്ചു അല്ലണ്ണാ ,അവിടെയൊക്കെ ധാരാളം വെളിമ്പറമ്പുകളുള്ളപ്പോള്‍ ഇവിടെത്തന്നെ വന്ന് കാര്യം സാധിക്കണോ അതും കോളറാകാലത്ത്? ചോദ്യത്തിന്റെ സാരം മനസിലാവാതെയാവണം പഞ്ചപാവം പച്ചവെള്ളം പോലും ചവച്ചരച്ച് കുടിക്കുന്ന പ്ര.പാര്‍ലമെന്‍റേറി പറഞ്ഞു.
... ഇതൊക്കെ നേരത്തേകൂട്ടി പ്ലാന്‍ ചെയ്തതല്ലേ അല്ലെങ്കില്‍ തന്നെ പ്ലാനിംഗിന്റെ കാര്യത്തില്‍ ഞാനാരാമോന്‍! വെറുതെയാണോ കോണം തലേക്കെട്ടിയിരിക്കുന്നത് തല കാറ്റുകൊള്ളാതിരിക്കാനല്ലേ.


സംഗതികളുടെ കിടപ്പുവശത്തില്‍ പാര്‍ലമെന്ററി മക്കള്‍ അല്പം അങ്കലാപ്പിലാണെന്നു തോന്നുന്നു പെട്രോള്‍ പമ്പിനു തീപിടിച്ചാല്‍ സ്മോക് ബോംബ് ( യെന്തരോ പൊകയുണ്ടാക്കുകയും ഓക്സിജന്‍ കുറയ്ക്കുകയും ചെയ്യുന്ന ലതുതന്നെ) പൊട്ടിക്കുന്നതു പോലെ ഇടയ്ക്ക് മുംബൈ ബോംബെടുത്ത് പൊട്ടിച്ചു നോക്കുന്നുണ്ട്.കാര്‍ക്കരെയ്ക്ക് വധഭീഷണിയുണ്ടായിരുന്നെന്നും കാര്‍ക്കരയെ കൊല്ലാന്‍വേണ്ടിമാത്രം മറ്റേപാര്‍ട്ടിക്കാര്‍ 'ലൗഷ്കര്‍ തോയിബ'ക്ക് കൊട്ടേഷന്‍ കൊടുത്ത് ഒപ്പിച്ചതായിരുന്നു മുംബൈ ആക്രമണം എന്നും ദേ ഇപ്പോ തോന്നിയതാണത്രേ ഉച്ചയ്ക്ക് പ്രസ്സില്‍ ഇരിക്കുമ്പോള്‍.സത്യത്തില്‍ പാക്കിസ്താന്‍ കാര്‍ അങ്ങനെ തലങ്ങും വിലങ്ങും വെടിവയ്ക്കുകകൂടിയില്ലായിരുന്നു അവര്‍ക്ക് സ്നേഹിക്കാനേ അറിയൂ അല്ലെങ്കില്‍ നോക്കൂ നമ്മുടെ ഇന്ത്യയിലെ ഏതെങ്കിലും സംഘടനയ്ക്ക് 'ലൗ' വില്‍ തുടങ്ങുന്ന പേരുണ്ടോ?

ദേ... ഇന്ന് അമ്മച്ചിയുടെ വെളിപാടുണ്ട് കേട്ടോ,സംഗതി അപ്പച്ചന്‍ അറിയാന്‍ മാത്രം ഗൗരവമില്ല അമ്മാവന്മാര്‍ക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. മക്കളില്‍ ഒരു മുണ്ടന്‍ തന്തപ്പിടിയറിയാതെ കുടുംബത്തിന്റെ അടിയാധാരം കീറി കപ്പലണ്ടി പൊതിയാന്‍ കൊടുത്തു എന്നുള്ളതൊക്കെ നേര് എന്നു വച്ച് നമ്മളു കൊറിച്ച മണിയുടെ കൂറ് നമ്മള്‍ കാണിക്കേണ്ടെ എന്നാണ് അമ്മച്ചി പറഞ്ഞതത്രെ.

തള്ളമയില് ഒന്നാടുമ്പോ പിള്ളമയില് രണ്ടാടും എന്നാണല്ലോ മണിക്കവി പാടിയിരിക്കുന്നത്,പാട്ടൊന്നിനും ഇപ്പോള്‍ പണ്ടത്തെപോലെ പകിട്ടില്ലെന്ന് അമേരിക്കയില്‍ നിന്നാണ് മണിക്കവിയെക്കുറിച്ച് പരാതി! മഹാകവിയൊ ന്നുമല്ലല്ലോ വെറും മണിക്കവിയല്ലേ എന്ന് ആശ്വസിക്കാവുന്നതിനേക്കാള്‍ ഗുരുതരമാണ് കാര്യം. അമേരിക്കന്‍ നൊസ്റ്റാള്‍ജിയയുടെ എന്തോ ഒന്ന് മാറി പ്പോയി എന്നാണ് കവി പറയുന്നത് അതുകൊണ്ടാണത്രേ പരിപാടിക്കിടയില്‍ ഇടവേളയെടുത്തതിനും മറ്റും പരാതി വന്നിരിക്കുന്നത്.അല്ലെങ്കിലും 'പണിയന് വരമ്പത്താണ് വിശ്രമം' എന്ന് മണി മറന്നിരിക്കും .അതവിടെ നില്‍ക്കട്ടെ കവിവാക്യത്തിലെ മയിലുകളെ പ്രതി പറയുകയാണെങ്കില്‍ നമ്മളും ഒട്ടും മോശമാക്കില്ല എന്ന് കേരളത്തിലെ 'ദളിത സഖാക്കള്‍' ഉറപ്പിച്ചിരിക്കുക യാണ്,എന്നു വച്ച് മുതലാളിത്തത്തിന്റെ പിമ്പു പണിക്ക് നമ്മളെ കിട്ടില്ല കേട്ടോ നമ്മള്‍ സമത്വ സുന്നരമായ കേര കേദാര ഭൂമി സ്വപ്നം കാണുന്ന കേരളാവാല! കുറച്ചു പേര്‍ക്ക്,വളരെക്കുറച്ച് ദരിദ്രര്‍ക്ക് ഒരൊന്നൊന്നര ലക്ഷം വാങ്ങി നിയമനം കൊടുത്തു അതൊരു തെറ്റാണോ? കാശുകൊടുത്ത് അധ്വാനിക്കാന്‍ മുന്നോട്ടു വരുന്നവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?എന്നാലും തമ്പ്രാന്‍ സഖാക്കളെപോലെ പറവച്ച് അളന്നൊന്നുമല്ല വെറും നാഴിക്കളന്നല്ലേ വാങ്ങിയുള്ളൂ,സമാധാനം.

ആളോഹരി രണ്ടുപവന്‍ സ്വര്‍ണ്ണമുള്ള ഇന്ത്യയില്‍ ആളോഹരി അഴിമതിപ്പണം (വെറും നാലചുകൊല്ലത്തെ എടുത്താലും മതി) എത്രയുണ്ടാവും? ആര്‍ക്കറിയാം നമ്മളൊക്കെ ചിലപ്പോള്‍ സുഷുപ്ത കോടീശ്വരന്മാരായിരിക്കാം.