Tuesday, 28 December 2010

ഹിന്ദു!?

ഹിന്ദു ! ?.....

...... ഉം.

മുഖം ചുളിയുന്നു, അറിയാത്തഭാഷയിലെന്തോ പിറുപിറുക്കുന്നു, ധൃതിയില്‍ മുഖം മറയ്ക്കുന്നു, സ്വന്തം ഇരിപ്പിടത്തില്‍ ഇനി കസേരയുടെ കയ്യാണെന്ന് അറിഞ്ഞിട്ടും അറപ്പോടെ നിങ്ങിയിരിക്കാന്‍ ശ്രമിക്കുന്നു.എന്റെ ഇരിപ്പിടത്തില്‍ നിന്ന് ഞാനറിയാതെതന്നെ പോലീസ് സ്റ്റേഷനിലെ ഇരിപ്പു പൊസിഷനോളം എഴുന്നേറ്റു,അറിയാത്തമട്ടില്‍ സ്വയം പിറകിലൊന്നു തടവിനോക്കി വാലെങ്ങാനും! തലയിലും ഒന്നു തടവി നോക്കി കൊമ്പെങ്ങാനും! നാലഞ്ചു മണിക്കൂര്‍ വെയിലത്തു ക്യൂ നിന്നതല്ലേ മനുഷ്യന് പരിണമിക്കാനുള്ള ചരിത്രമുഹൂര്‍ത്തം എപ്പോഴാണെന്ന് ആരുകണ്ടു.പ്രപഞ്ചം എന്നത് ഒരു സ്പന്ദനമാണെന്നും വികാസാനന്തരം അത് ചുരുങ്ങും എന്നൊക്കെയും കേട്ടുകേള്‍വിയുണ്ട് പരിണാമാനന്തരം ജീവന്‍ അതിന്റെ ആദിമ നിലയിലേക്ക് മടങ്ങിപ്പോവുമെങ്കിലോ? പ്രപഞ്ചത്തിന് ഒരു ബിന്ദുവിലേക്കു ചുരുങ്ങാമെങ്കില്‍ ജീവനും അതേ ബിന്ദുവിലേക്കു ചുരുങ്ങാതെ വയ്യല്ലോ നെറ്റിയില്‍ കുറിയുള്ളവരും,കുരിശുള്ളവരും,തഴമ്പുള്ളവരും,ഒന്നുമില്ലാത്തവരും പലതരം ദൈവങ്ങളും അവരുടെ സ്വര്‍ഗ്ഗങ്ങളും നരകങ്ങളുമൊക്കെച്ചേര്‍ന്ന് ഒരൊറ്റ ബിന്ദു!. മുകളിലേക്ക് എറിഞ്ഞൊരു കല്ല് താഴേക്കു യാത്രതുടങ്ങുന്ന പോയിന്റിലെന്ന പോലെ പുരോഗമിച്ചുപോകുന്ന പരിണാമത്തിന്റെ പശ്ചാത്ഗമനത്തിന്റെ ആദ്യകണ്ണിയെങ്ങാനുമാവാന്‍ യോഗമുണ്ടെങ്കില്‍ വാലോ കൊമ്പോ കുളമ്പോ എന്താവും ആദ്യം രൂപ്പെടുക? ഏയ് സംശയാസ്പദമായി ഒന്നുമില്ല.അഥവാ എന്തെങ്കിലും രൂപപ്പെടുമെങ്കില്‍ ഒരു പ്രവാസി എന്നനിലയ്ക്ക് അത് ത്വക്കായിരിക്കുമെന്ന് എനിക്കുറപ്പുണ്ട് കണ്ടാമൃഗത്തിന്റെ തൊലി പോലെ കട്ടിയുള്ളത് പിന്നെന്തിന് തലയിലും മൂട്ടിലും തപ്പണം?

സിത് ദവുണ്‍...

ഉം.... (യെന്റമ്മേ...) ഒരു വിക്കല്‍ വന്ന് തൊണ്ടക്കുഴി ഞെക്കിപ്പിടിച്ചു.

സൈന്‍.....യെഹ്ര് ള്ള..... പിറുപിറുപ്പ്....

ഒപ്പിടുമ്പോള്‍ കൈ വിറയ്ക്കുന്നില്ലെന്നുറപ്പു വരുത്തി,ജനാധിപത്യത്തിന്റെ ആപ്പീസുകളിലും അവമതിക്കപ്പെടുന്നവരുടെ കൂട്ടത്തിലൊരുവനല്ലേ നീയും? നേതാവും, ന്യായാധിപനും,പുരോഹിതനും,മുതലാളിയും പിടിച്ചിരിക്കുന്ന അഴിമതിത്തുടലിന്റെ കൊളുത്തിലെ സാദാ ഇന്ത്യന്‍ നായ!.അഭിമാനം എന്ന് നീകരുതുന്നതുപോലെ മൊത്തം നിന്‍റെ കുത്തകയല്ല അതിനാല്‍ അടങ്ങ്, സ്വയം ആശ്വസിച്ചു. പകരം മറ്റൊരു പരിപാടിയുണ്ടെന്ന് ഒരു പാട്ടു കേള്‍ക്കാനുണ്ട് മതാധിഷ്ടിത ജനാധിപത്യമാണത്രെ അത്.അതായത് ദൈവീക നിര്‍ദ്ദേശപ്രകാരമുള്ള ജനാധിപത്യം."ജനാധിപത്യം എന്ന അയഞ്ഞ വസ്ത്രം എന്തായാലും നിങ്ങള്‍ ധരിച്ചിട്ടുണ്ട് എങ്കില്‍ പിന്നെ ഞങ്ങളുടെ ഈ പാമ്പിനെ അരയില്‍ ചുറ്റിക്കൊള്ളൂ,അവനവന്‍റെ വണ്ണത്തിനനുസരിച്ച് സ്വയം മുറുകുന്നതിനാല്‍ ഇത് വളരെ സൗകര്യപ്രദമാണ്". എന്നാണ് വളരെ സൗമ്യമായി ഇക്കൂട്ടര്‍ വാദിക്കുന്നത്.

ശൂ.....?

....ഉം...

ഖ്ഹലാശ്........ യെഹ്ര് ള്ള..........ഘോ.....

ഓ,..... താങ്ക്സ്.