Saturday, 15 January 2011

മഴുവാളികള്‍

ഒരിടത്തൊരിടത്ത് ദൈവത്തിനൊരു സ്വന്തം നാടുണ്ട്,അവിടെ പച്ചയില്‍ വെള്ളിയതിരിട്ടപുടവചുറ്റി,പുലരികൊണ്ടുപൊട്ടുതൊട്ട് ദൈവമിരിപ്പുണ്ട്.
ഭൗതീകവും ആത്മീയവുമായ തിരകളടങ്ങാത്തൊരു സാഗരം ഉള്ളിലിരമ്പുന്നുണ്ടെങ്കില്‍ അവിടെ പോകാം.സമത്വ സുന്ദരമായ,സമ്പൂര്‍ണ്ണ
സാക്ഷരരായ ദൈവത്തിന്‍റെ സ്വന്തം മക്കള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന നാട്. അവിടെയൊതുങ്ങാത്ത ലൗകീകതയില്ല,അലൗകീകതയില്ല.എല്ലാമടങ്ങി ഒരു സമ്പൂര്‍ണ്ണ കായകല്പം കഴിഞ്ഞ് പുതിയ മനുഷ്യനായി പുതിയൊരു ജന്മമെടുത്ത് തിരിച്ചു പോകാം.ചിത്രാംഗിതമായ വിളംബരം നമ്മുടെ നാടിനെക്കുറിച്ചു തന്നെയല്ലേ!? അതെ മനുഷ്യരെ കെണിവച്ച് കൊല്ലുന്ന മഴുവാളിയൊരുക്കുന്ന മരണക്കെണിയുടെ പുറമേ പൊതിഞ്ഞിട്ടുള്ള ആലങ്കാരികതകളാണ്ഇത്.

ടൂറിസമെന്നും,മദ്യമെന്നും, വിശ്വാസമെന്നും ഇരവച്ച് മഴുവാളികള്‍ കൊന്നൊടുക്കിയ നൂറുകണക്കിനാളുകളുടെ കബദ്ധങ്ങള്‍ നാടിനു ചുറ്റും നിന്ന് വേതാളനൃത്തംചെയ്യുന്നു.വിനോദിപ്പിക്കാനും,മദ്യപിപ്പിക്കാനുംവിശ്വാസത്തിനും
കേരളത്തിന് ഓരോ വകുപ്പും മന്ത്രിയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. നിര്‍മ്മാണത്തില്‍ പിഴവുള്ള ഒരു യാത്രാവാഹനം ഉപയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയതുകൊണ്ടാണ് ടൂറിസ്റ്റുകളായ അനവധി പേര്‍ തേക്കടിയില്‍ മുങ്ങിമരിച്ചത്.എക്സൈസ് വകുപ്പ് ഓഫീസിന്‍റെ സമീപ പ്രദേശത്താണ് വിഷക്കള്ള്കുടിച്ച് മനുഷ്യര്‍ പുഴുക്കളെപ്പോലെ വഴിയോരത്ത് വീണുമരിച്ചത്,മൂന്നുമാസംകൊണ്ട്ശതകോടികള്‍ വരുമാനമുള്ള ശബരിമല ക്ഷേത്രപരിസരത്താണ് മനുഷ്യര്‍ മൃഗീയമായി ചതഞ്ഞരഞ്ഞ് മരിച്ചത്.വ്യാഖ്യാനങ്ങളൊരുപാടുവരും പോകാന്‍ പാടില്ലാത്തിടത്ത് ജനം പോയി,ഓടാന്‍ പാടില്ലാത്തിടത്ത് ജനം ഓടി തുടങ്ങി അനവധി, എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍തിങ്ങിനിറയുന്ന ഒരിടത്ത് എന്തുതരം അപകടത്തെ മുന്നില്‍ കണ്ടായിരുന്നു സര്‍ക്കാര്‍ സുരക്ഷാസംവിധാനംഒരുക്കിയിരുന്നത്? ചെയ്യുന്ന കൂലിക്ക് മാന്യമായ വേതനത്തിന് സമരം ചെയ്തിരുന്ന സഖാക്കന്മാര്‍ക്ക് സ്വന്തമായി പണിയെടുക്കാനോ പണിയെടുപ്പിക്കാനോ അറിയില്ല എന്നാണ് കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവിലെ നൂറുകണക്കിനു മൃതദേഹങ്ങള്‍ മലയാളിയോട് പറയുന്നത്.മഴുവാളിക്ക് മഴുവിന്റെ മനസും തൂമ്പയുടെ ബുദ്ധിയുമാണ്,ഒന്ന് മുറിക്കാനും മറ്റൊന്ന് കോരിക്കൂട്ടിയിടാനും മാത്രം.താഴെ കുറച്ച് പത്രക്കുറിപ്പുകള്‍ കൊടുക്കുന്നു

ശബരിമല ദുരന്തം: 104 മരണം 14-01-2011


വണ്ടിപ്പെരിയാര്‍ (ഇടുക്കി): ശബരിമലയില്‍ മകരജ്യോതിദര്ശദനംകഴിഞ്ഞ് പുല്ലുമേട്-വള്ളക്കടവ് കാനനപാതയിലൂടെ തീര്ഥാിടകര്‍ മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 102 പേര്‍ മരിച്ചു. ഇതില്‍ 40 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. 62 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്.

വിഷക്കള്ള്: മരണം 24 Posted on: 08 സെപ് 2010
മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയില്‍ വിഷക്കള്ള് കുടിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. മദ്യദുരന്തത്തെത്തുടര്‍ന്ന് ജില്ലയിലെ ഉയര്‍ന്ന രണ്ട് എകൈ്സസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. മലപ്പുറം എകൈ്സസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. ജയന്‍, കുറ്റിപ്പുറം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ മുഹമ്മദ് റഷീദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്.

തേക്കടി ബോട്ടപകടം: മരണം 40 കവിഞ്ഞു 30th September 2009
തേക്കടി/തൊടുപുഴ: തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ സംഖ്യ 40 ആയി. ഇന്ന് രാവിലെ എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണിത്. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. ഔദ്യോഗികമായി 38 മരണമാണ് സ്ഥിരീകരിക്കുന്നത്.


മഴുവാളികളുടെ മരണക്കെണികള്‍ ഇനിയുമുണ്ട് ദൈവത്തിന്‍റെ നാട്ടിലേക്ക് വണ്ടികാത്തു നില്‍ക്കുന്നവര്‍ സൂക്ഷിക്കുക.