Monday, 31 March 2008

പ്രണയം/ജീവിതം.

നേര്‍ത്ത ഹിമകണങ്ങളിറ്റു വീഴുന്ന
ഇളം വെയില്‍ പട്ടുതിളങ്ങുന്ന
നിഴലുകളുടെ കണ്ണുരുട്ടലില്ലാത്ത
നേരെ നിവര്‍ന്നുകിടക്കുന്ന
അനന്തമായൊരു വീഥി...
പ്രണയം।

വിങ്ങിനില്‍ക്കുന്ന സുഗന്ധത്തിലൂടെ
വാടാത്ത പൂക്കള്‍ വിരിച്ച പാതയിലൂടെ
ഹംസരഥത്തിലെ പട്ടുസിംഹാസനത്തില്‍
നാം...രണ്ടേ രണ്ടു പേര്‍।

...............................

വിയര്‍പ്പിന്‍ പുഴുക്കു ഗന്ധത്തിലൂടെ
സ്വപ്നങ്ങളുടെ,പാദം പൂണ്ടു പോകുന്ന ചാരത്തിലൂടെ
വിണ്ടടര്‍ന്ന പാതയിലെ ചരല്‍ മുനകളിലൂടെ
വേച്ചും വിറച്ചും നാം....ഒരു പാടു പേര്‍

മരവിച്ച വെള്ളപ്പുകയ്ക്കിടയിലൂടെ
ഉരുകുന്ന വെയിലൂര്‍ന്നു വീണു ചെമ്പിച്ച
ഇരുട്ടു ഭൂതങ്ങള്‍ ഒളിപാര്‍ത്തു നില്‍ക്കുന്ന
തിരിവൊന്നും മുന്നേ കാണുവാനാവാത്ത വീഥി...
ജീവിതം...

Monday, 24 March 2008

നിഴലില്ലാത്ത വെളിച്ചം

അന്തിയ്ക്ക് ചെങ്കല്ലരച്ചു തേച്ച ചുമരില്‍
നിഴല്‍‍ നോക്കി ക്കളിച്ചതിന്
അച്ഛന്‍ തലമണ്ടയ്ക്കൊന്നു കിഴുക്കി।

നിഴലുകളാണു കുഴപ്പം,
നിഴലില്ലാത്തൊരു വിളക്കുവേണം

ചക്കപ്പശയിലുമി കുഴച്ച് എരിക്കിന്തണ്ടിലൊരു തിരി
കടലാവണക്കിന്‍‍ വിത്തുകോര്‍ത്ത് പച്ചീര്‍ക്കില്‍ പന്തം
കത്തും,പുകയുണ്ട് പക്ഷേ നീണ്ടൊരു നിഴലുണ്ട്-
നേരിയൊരു മണം കൂടിയുണ്ട്.

അന്ത്യാളങ്കാവില്‍,നൊട്ടന്റെ തോറ്റത്തിനൊപ്പമുറയുന്ന
കരിങ്കോലങ്ങളുടെ കൈപ്പന്തങ്ങള്‍ക്ക് തെളിച്ചമുണ്ട്
പക്ഷേ പിടിവിട്ടു ചാടുന്ന മരക്കാളയുടെ നിഴലുണ്ട്
മുടിയാട്ടമുലയ്ക്കുന്ന ഉടലുകളുടെ ഇളകുന്ന നിഴലുണ്ട്.

നിറങ്ങളിണചേര്‍ന്നു കിടക്കുന്ന സര്‍പ്പക്കളത്തില്‍
അഞ്ചു തിരിയിട്ടു നിറഞ്ഞു കത്തുന്ന നിലവിളക്കുണ്ട്
പക്ഷേ പൂക്കുല വിറയ്ക്കുന്ന കന്നിനാഗത്തിന്നി‍ളം കയ്യിന്റെ,
ഗുരുതിയാടുന്ന മണിനാഗത്തിന്റെ, നനഞ്ഞ നിഴലുകളുണ്ട്.

പകുത്ത നാളികേരത്തിലെള്ളെണ്ണ പാര്‍ന്ന്
വെളുത്ത തിരശ്ശീലയ്ക്കുപിന്നില്‍ ഇളകുന്ന നാളങ്ങള്‍
ആട്ടിന്തോല്‍ പാവക്കോലങ്ങളോടു ചേര്‍ന്ന്
കൂത്തു പാട്ടിനൊപ്പം പുലരുവോളം കഥപറയുന്ന നിഴലുകളുണ്ട്.

പിന്നെ ചെമ്മണ്ണുപാതയുടെ ഓരത്ത് അസ്ഥിശേഷിപ്പില്‍
വിറയ്ക്കുന്ന കാലില്‍ മുനിഞ്ഞും തെളിഞ്ഞുമൊരു ബള്‍ബുണ്ട്
വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ജീവനുള്ളൊരു നിഴലാണവിടെ.

നിഴലില്ലാത്ത വെളിച്ചത്തെക്കുറിച്ചൊന്നു സങ്കല്പ്പിച്ചു നോക്കി-
കണ്‍ പോളകളില്ലാത്ത കണ്ണുകള്‍പോലെ ഭീകരം
ഇടക്കൊരു കിഴുക്കു കിട്ടിയാലെന്ത്? നിഴലില്ലാതെ എനിക്കുവയ്യ.
വെളിച്ചത്തിലും നിഴലിലും ഒളിച്ചുകളിക്കുകയെങ്കിലുമാവാമല്ലോ?.

Saturday, 15 March 2008

മിഴിനീരുറഞ്ഞുപോവുന്നു കണ്ണാ.....

മിഴിനീരുറഞ്ഞുപോവുന്നു കണ്ണാ നിന്‍,
പുഞ്ചിരി മനതാരില്‍ തെളിയുന്നേരം.
കദനങ്ങളകന്നു പോവുന്നു കണ്ണാ നിന്‍,
സ്നേഹമെന്നകതാരില്‍ നിറയുന്നേരം.

പാതകള്‍ പല‍തും താണ്ടി കണ്ണാനിന്‍,
തിരുമുമ്പിലവശനായ് ഞാനണഞ്ഞിടുമ്പോള്‍.
കരുണയാല്‍ കരം കവര്‍ന്നെന്നെ കണ്ണാ നീ,
മാറോടുചേര്‍ത്തു പുല്‍കുന്നു.

ഇല്ലായമകളുടെ കരടു നിറഞ്ഞോരാ അവില്‍പൊതി,
കണ്ണുനീരിന്നുപ്പു കലര്‍ന്നോരാ അവില്‍പൊതി,
കരങ്ങളില്‍ ഞാന്‍ മറച്ചു വയ്ക്കുമ്പോള്‍.
ഗോപികമാരുടെ മനം കവര്‍ന്നോരാ കരങ്ങളാലേ
പാടേ നീയതു കവര്‍ന്നെടുക്കുന്നു.

കദനങ്ങളകന്നു പോവുന്നു കണ്ണാ നിന്‍
സ്നേഹമെന്നകതാരില്‍ നിറയുന്നേരം.
മിഴിനീരുറഞ്ഞുപോവുന്നു കണ്ണാ നിന്‍
പുഞ്ചിരി മനതാരില്‍ തെളിയുന്നേരം.

Thursday, 6 March 2008

പിണം പിളര്‍ന്നെടുത്ത ഇരട്ടക്കവിത.

നമ്മളുകൊയ്യും തലയെല്ലാം മുച്ചകിരിത്തേങ്ങകള്‍
ഇതാ പുതു വിപ്ലവക്കോട്ടയ്ക്കകം മെഴാന്‍ ചോര.
ഇതാ വിപ്ലവക്കോട്ടപ്പടിയ്ക്കലായ് ചാര്‍ത്താന്‍ തലകള്‍
ഇതാ പാദം കഴുകിക്കടക്കുവാന്‍ വാല്‍കിണ്ടിയില്‍ കണ്ണീര്
‍ ചുടുചോര കൊണ്ടുനാം കെട്ടണം വിപ്ലവക്കോട്ടകള്‍
കാവലായ് നിര്‍ത്തണം കണ്ണിരുണങ്ങാത്ത കവിളുള്ള
അമ്മയെ,പെങ്ങളെ,ഭാര്യയെ...പിന്നെ-
കരളിന്റെ കനവില്‍ പ്രതികാരക്കനല്‍ വീണ പുത്രനെ.
വിപ്ലവക്കുഴലൂതി തീക്കാറ്റായ് മാറ്റണം.
ആചുടുകാറ്റിന്റെ ആരവം കേട്ടുനാം യന്ത്രത്തണുപ്പില്‍,മയങ്ങണം.
ഇല്ല പുലരില്ല രാത്രി നാം ആവോളം തട്ടിപ്പറിക്കണം.
പിണംനാറും വഴികളില്‍ കഴുവേറിച്ചാവാ-
നീ നാട്ടില്‍ ഇനിയുമിതെത്ര ചെറുപ്പക്കാര്‍.

ഇതാ നവഭാരത പ്പിറവിക്കു ബലിയായിച്ചോര
മണ്ണു ചെമ്പിയ്ക്കണം ഭ്രാതാവിന്‍ ചോരയാല്‍.
ആ മണ്ണിന്റെ കാവി പുതയ്ക്കണം ഇന്ത്യയെ.
ചോരയുടെ ചെകിടിച്ച നാറ്റം മറക്കുവാന്‍,
ചാര്‍ത്തണം ചന്ദനം,ഭസ്മം,ചെങ്കുറി നെറ്റിയില്‍.
വറ്റിറങ്ങാതെ പ്പിടക്കുന്ന കണ്‍ഠത്തിന്‍ രോദനം
ഭേദിച്ചുമുയരട്ടെ മന്ത്രങ്ങള്‍ ഉച്ചത്തില്‍,മൃത്യു താളത്തില്‍.

മന്ത്രങ്ങളോതിയോതി തലമുറകളുടെ താളം തെറ്റിച്ച
ബ്രാഹ്മണ്യം ഛേദിച്ചു ഗോവിന്‍ വലം കാല്‍.
മുദ്രാവാക്യങ്ങളോതിപ്പഠിപ്പിച്ചു വെട്ടുന്നു ക്ഷാത്രം ഇടംകാല്‍.
മാറ്റിയെഴുതിയ വ്യാപാരതന്ത്രങ്ങള്‍ മെല്ലെയറുക്കുന്നു പാണി.
ഇനിയൊറ്റക്കാല്‍മാത്രം....
അധ്വാനഭാരം ചുമന്ന തോളെല്ലുകള്‍ താങ്ങുന്ന ശൂദ്രം.
ഇനിയെത്ര നാള്‍ കൂടിത്താങ്ങുമീക്കൈകള്‍ വഴുതുന്ന ചോരയില്‍ കണ്ണുനീര്‍ മാരിയില്‍......

Saturday, 1 March 2008

വഴി വെട്ടുന്നോരോട് ഒരു തള്ളയ്ക്കു പറയാനുള്ളത്.

വഴി വെട്ടുന്നോരേ ങ്ങളോടെനിക്കൊരു വിരോധൂല്യാട്ടോ.
ങ്ങക്ക് ഞാന്‍ കട്ടഞ്ചായ തരാം കഞ്ഞ്യെള്ളം തരാം.
എറയത്ത് ഇരിയ്ക്കാന്‍ പനന്തട്ക്ക് തരാം.
വഴിപ്പണിക്കാരെ നിയ്ക്ക് ന്റെ എട്വോഴി മാത്രം മതി.
നിയ്ക്ക് ന്റെ വേലിപ്പടര്‍പ്പ് മാത്രം മതി.

വഴിവെട്ടുന്നോരേ...
ങ്ങടെ വഴീക്കൂടെ കാളവണ്ടീം,തീവണ്ടീം വരും.....ന്ന് കേട്ടു.
ങ്ങടെ വഴീക്കൂടെ വീമാനൂം കപ്പലും വരും....ന്ന് കേട്ടു.
ങ്ങടെ വഴീക്കൂടെ തേനും പാലും വരും...ന്ന് കേട്ടു.
ങ്ങടെ വഴീക്കൂടെ മാത്രേ ഇതൊക്കെ വരുള്ളൂന്നും കേട്ടു.

വന്നോട്ടെ വന്നോട്ടെ പക്ഷേ,
ന്റെ അതിര്ന്ന് ഒരു തൂമ്പാകെളച്ചാല്,
ന്റെ വേലിക്കല്ന്ന് ഒരു തൂപ്പ് ഒടിച്ചാല്,
കഷ്ണിയ്ക്കും ഞാന്‍ എല്ലാറ്റിനീം.

ങ്ങള് കാണ്..ണ്ടാ തെക്കേപ്രത്തൂടെ പോണ പൊന്തക്കാട്?
അതൊരു വഴിയേര്ന്നു, ങ്ങക്കും മുമ്പേ കൊറേപ്പെര് വെട്ട്യേത്.
ങ്ങക്കറിയ്വോ ?... ഒക്കെ ആ വഴീക്കൂടെ വരുംന്ന് പറഞ്ഞാ...
ന്റെ പൊന്നൂം...ന്റെ പൊന്നൂം അവര്ടെ കൂടെ പോയ്ത്.
ങ്ങക്കറിയ്വോ ആവഴീക്കെടന്നാ...ന്റെ പൊന്നു.....

ങ്ങക്ക് ഞാന്‍ കട്ടഞ്ചായ തരാം, കഞ്ഞ്യെള്ളം തരാം കുട്ട്യോളെ.
എറയത്ത് ഇരിയ്ക്കാന്‍ പനന്തട്ക്കും തരാം.
യ്ക്ക് ന്റെ എട്വോഴി മാത്രം മതി,
നിയ്ക്ക് ന്റെ വേലിപ്പടര്‍പ്പ് മാത്രം മതി.

വഴിപ്പണിക്കാരെ......
ന്റെ വേലിയ്ക്കലെങ്ങാനും കയ്യ് വച്ചാ
ന്റെ എതയ്ക്കലെങ്ങാനും തൂമ്പാ കൊണ്ടാല്
കഷ്ണിയ്ക്കും ഞാന്‍.