Saturday, 23 August 2008

വീണ്ടുമെന്തിനു വെറുതെ?

നിനക്കായ് ഉരുവായ ഇടം
ഓര്‍മ്മതന്‍ വെണ്ണിലാ വെട്ടം പതിക്കവേ
മന്ദമൊഴിഞ്ഞുപോകുന്നൊരു മഞ്ജീര നാദം
പുടവത്തുമ്പുലയുമ്പോലൊരു ചെറുനിശ്വാസം
നേര്‍ത്ത തേങ്ങലിന്നലയെ മറച്ചൊരു
കുപ്പിവളച്ചിരിയുതിര്‍ക്കും കിലുക്കം.
വീണ്‍ടുമതുപോലെ...എന്തിനു വെറുതെ?

പത്തരമാറ്റാര്‍ന്നൊരു പൊന്‍ പുലരി
പട്ടലയുലയുമൊരു മലര്‍ വാടി
പ്രാണന്റെ വേനലില്‍ പെയ്തമരാനൊരു
വെണ്മേഘ ജാലം
പ്രണയത്തിനു പകരം തരാമെന്ന്
പാഴ്വാക്കു പറഞ്ഞില്ല ഞാന്‍
നിന്നോട്.

പാതിമെയ്യാകുവാന്‍ പാഴ്മോഹമല്ലെന്ന്
പട്ടടയോളവും പതറാത്ത പ്രണയത്തിന്നൊരുമാത്ര,
അതു മാത്രം മതിയെന്ന്
ഉള്ളിലെ വിങ്ങുന്ന പൊള്ളലില്‍
പ്രേമത്തിന്‍ നറുനിലാവിറ്റിച്ചു കണ്‍പാര്‍ത്തിരിക്കുമെന്ന്
നീ,കളിവാക്കു ചൊല്ലിയതല്ലെന്നറിഞ്ഞിട്ടും
കണ്ടെടുത്തില്ല ഞാന്‍
നിന്നെയല്ല,നിനക്കുവേണ്ടി നീ കാത്തിരിക്കുന്ന എന്നെ.

ഒടുവിലിങ്ങ് മനസ്സിലെ-
തെളിനീരു വറ്റുമീ മരുവില്‍,കാലത്തിനിപ്പുറം
ഞാനേകനായ്
തണലറ്റ ജീവിതപ്പാതകള്‍‍ താണ്ടവേ.

കനവിലാ കാന്തിയേറും നിന്റെ പുഞ്ചിരി
കണ്ണിലെ കളിവിളക്കിന്‍ തെളിനാളം
കാറ്റിലലിഞ്ഞൊരിലഞ്ഞിപ്പൂഗന്ധം
സ്മരണയിലുണരുന്നതെന്തിനു വെറുതെ?

വറ്റാത്ത പ്രേമത്തിന്‍ തെളിനീര്‍ പകര്‍ന്നുനീ
നോറ്റു വളര്‍ത്തിയ പാരിജാതം വെട്ടി
ചിതയൊന്നൊരുക്കുക.
തൂവിയ കണ്ണീരിനുപ്പും,നുകര്‍ന്ന മധുരവും
സ്നേഹം പകര്‍ന്നൊരാ മണ്‍ചെരാതും
ചൊരിഞ്ഞൊരു ശാപവഹ്നിതന്‍ നാളത്താല്‍
എന്നെ നീ ചാമ്പലായ് തീര്‍ക്കുക.

കെട്ടടങ്ങട്ടെയീ സ്പന്ദിക്കുമോര്‍മ്മകള്‍
കനവിലീ നീറുന്ന കനലുമായ് കാലത്തിനക്കരേയ്ക്ക്
ഇനിയെനിക്കാവില്ല തുഴയവാന്‍.

Sunday, 10 August 2008

ചെറ്റ

മസിലുറച്ച കായ ബലം
ഇടിയറ മുഴക്കം പോലെ
ശബ്ദ ധോരണി.

കരയിലാണെങ്കില്‍ ചാടും
വെള്ളത്തിലാണെങ്കില്‍ നീന്തും
ഒക്കെ തരം പോലെ.
എവിടെയായാലും,
അടക്കിവാഴാന്‍പോന്ന താന്‍പോരിമയാണ്
എടവപ്പാതികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

രണ്ടു കുടപ്പനപ്പട്ട അല്ലെങ്കില്‍
നാലു കരിമ്പനപ്പട്ട അതുമല്ലെങ്കില്‍
അഞ്ചാറ് ഓലമെടല്‍.

കാലവര്‍ഷത്തില്‍ പടിഞ്ഞാട്ടു ചരിച്ചു വയ്ക്കും
തുലാവര്‍ഷത്തില്‍ കിഴക്കോട്ട് ചരിച്ചു വയ്ക്കും
ഒക്കെ തരം പോലെ.
സര്‍വ്വരേയും കൊള്ളിക്കാവുന്ന കൊട്ടാരമാണെന്നൊക്കെ
വമ്പ് പറയുന്നതായല്ല തോന്നാറുള്ളത്.

മണ്ണ് പൊന്നായി മാനം നോക്കി കിടക്കുന്നു
മക്കള്‍ വായും പൊളിച്ച് അരിയും കാത്തിരിക്കുന്നു.

അരി കിട്ടിയില്ലെങ്കില്‍ കോഴിയെ തിന്നാമെന്ന്
അരി കെട്ടിക്കിടന്നാല്‍ കോഴിയെ തീറ്റാമെന്ന്
ഒക്കെ തരം പോലെ..

മുഴങ്ങിക്കേള്‍ക്കുന്നതപ്പൊഴും
അതേ വാഗ്ധോരണിയാണ്.

ഒരു പെട്രോമാക്സ് ഉണ്ടെങ്കില്‍ ........