Monday, 29 September 2008

ഒരു പൂളമരം ചിലതു പറഞ്ഞോട്ടെ

ഒരു പൂളമരത്തിനും കഥയോ എന്നായിരിക്കും,അത് എനിക്കു മാത്രമല്ലെ പറയാന്‍ കഴിയൂ കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ലെന്നറിയാം.കേള്‍ക്കാനാര്‍ക്കും സമയമില്ലെങ്കിലും എല്ലാവര്‍ക്കും പറയാന്‍ കാണും അതെനിക്കുറപ്പാണ്.അല്ലെങ്കില്‍ വഴിവക്കിലേക്കു ചാഞ്ഞ കൊമ്പുകളുമായി വര്‍ഗ്ഗീസ് കഞ്ഞികുടിച്ചു വരുന്നതും കാത്തു നില്‍ക്കുന്ന ഞാനിതുപറഞ്ഞു തുടങ്ങില്ലല്ലോ.

കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു പോകുന്ന വഴിയാണ് വര്‍ഗ്ഗീസ് എന്റടുത്തു വന്നത്. മുമ്പൊക്കെ അവന്‍ വഴിയിലൂടെ പോവുന്നതു കാണുമ്പോഴേ ഒരു പേടിയാണ്.എന്നെ കാണരുതേ എന്നു പ്രാര്‍ത്ഥിച്ച് ഒന്നു നിശ്വസിക്കുക പോലും ചെയ്യാതെ നില്‍ക്കുമ്പോഴാകും കാറ്റുവന്ന് ഇക്കിളിയിട്ടു കടന്നു പോവുന്നത്,ഒതുക്കിയ ചിരിയോടെ കണ്ണു തുറക്കുമ്പോഴേയ്ക്കും വര്‍ഗ്ഗീസ് എന്നെ കടന്നു പോയിരിക്കും. തുരുമ്പിച്ചസൈക്കിളിനു പിറകില്‍ ചുരുട്ടി വച്ച കമ്പയ്ക്കു മേലെ കെട്ടിവച്ച ഈര്‍ച്ചവാളിന്റെ വെളുത്തു മിന്നുന്ന പല്ലുകള്‍ എന്നെ ഇളിച്ചു കാട്ടും,കയറിന്റെ കെട്ടിനിടയിലൂടെ ഒരു വാക്കത്തിവായ്ത്തല അട്ടഹസിക്കും,ഇതൊന്നും കൂടാതെ വര്‍ഗ്ഗീസിന്റെ ചുമലില്‍ സദാ മുന്നോട്ടു നോക്കിയിരിക്കുന്ന ഒരു മഴുവുണ്ട്.ഭാരിച്ച അതിന്റെ ഉരുക്കുവായ്ത്തല വര്‍ഗ്ഗീസിന്റെ തോളില്‍ വിശ്രമിയ്ക്കും,നീണ്ടുകിടക്കുന്ന കൈപ്പിടി വിയര്‍പ്പു മിന്നുന്ന അവന്റെ മുതുകിലും. കഴിഞ്ഞ എടവത്തില്‍ എന്റെ ഇടതു തോളിലൂടെ ആര്‍ത്തലച്ചു വീണുപോയ തേക്കിന്‍ തൈ പറഞ്ഞു അതിന്റെ വായ്ത്തലപ്പിന്റെ മൂര്‍ച്ചയെപ്പറ്റി.രണ്ടാമത്തെ ചുംബനത്തിനു ശേഷം കഷ്ണങ്ങളായി അറിയാതെ നുറുങ്ങിപ്പോകുന്ന ഉടലിനെപ്പറ്റി.അപ്പോഴേയ്ക്കും പ്രജ്ഞ നശിച്ച് അവള്‍ വീണുപോയി എന്റെ മുള്ളുകള്‍ എന്തിനോ തരിക്കുന്നതു ഞാനറിഞ്ഞു എന്നിട്ടും മൗനമായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കണ്ടോ ഇപ്പോഴും ഞാനെന്നെപ്പറ്റി പറയാന്‍ വിട്ടു.ഞാന്‍ തെക്കേപണിക്കത്തു തറവാട്ടില്‍ വളപ്പിന്റെ പടിഞ്ഞാറേ മൂലയ്ക്കായി റോഡിനോടുചേര്‍ന്നു നില്‍ക്കുന്ന ഒരു പൂളമരം.
നന്നേ ചെറുപ്പത്തില്‍ ആര്‍ക്കും കണ്ടൂടായിരുന്നു.എല്ലാ കൊല്ലവും കണ്ടത്തിലേയ്ക്കു തോലു വെട്ടുന്ന പെണ്ണുങ്ങള്‍ അരിഞ്ഞരിഞ്ഞെടുത്തതു കൊണ്ട് ഞാനത്ര പെട്ടന്നു വലുതായില്ല.പിന്നെ ഓരോരുത്തരു പറയാന്‍ തുടങ്ങി

"ശ്ശോ നാശം എന്തൊരു മുള്ളാ ഇതിന്."

അപ്പോഴാണു ഞാനുമതു നോക്കിയത് അവിടവിടെയായി കുറേ മുള്ളുകള്‍.കൊള്ളാം അങ്ങനെ വര്‍ഷാവര്‍ഷമുള്ള തോലു വെട്ടലില്‍ നിന്ന് ഞാനൊഴിവാക്കപ്പെട്ടു.പിന്നെ പെട്ടന്നാണു ഞാന്‍ വളര്‍ന്നത് മുള്ളുകള്‍ക്കു ബലം വച്ചതോടെ എല്ലാവരും പയ്യെപ്പയ്യെ എന്നെ ഒഴിവാക്കിത്തുടങ്ങി എല്ലാ അനാവശ്യസാധനങ്ങളുടേയും ഉപേക്ഷിക്കേണ്ട ഇടമാക്കി എന്റെ ചുവട്.വര്‍ഷങ്ങളെന്നെ ഇരയും സാക്ഷിയുമാക്കി കടന്നു പോയി.ഇരയായി നിന്നതിനു കിട്ടിയ വടുക്കളും സാക്ഷിയായതിനു കിട്ടിയ കൂലിയും ചേര്‍ത്ത് എനിക്കുമൊരു നല്ല തടിക്കനവും പൊക്കവും വച്ചു.ആരും എന്റടുത്തു വരാതായപ്പോള്‍ ആദ്യമെനിക്കു സന്തോഷം തോന്നിയിരുന്നു.എങ്കിലും മാവു പൂക്കുമ്പോളവിടെക്കൂടുന്ന കുട്ടികളുടെ സന്തോഷവും ബഹളവും,കശുമാവിന്‍ചില്ലകളിലും,എന്തിന് മുത്തന്‍ പുളിമരത്തിന്റെ ചോട്ടില്‍ പോലും കളിവീടുകെട്ടിയും മണ്ണപ്പം ചുട്ടും കളിക്കുന്ന അവരുടെ ആഘോഷം കാണുമ്പോള്‍ എനിക്ക് ഇടയ്ക്കൊക്കെ കുശുമ്പു പോലും തോന്നിയിരുന്നു.

എന്റെ പ്രാര്‍ത്ഥനകേട്ടിട്ടോ എന്തോ പിന്നത്തെ വര്‍ഷത്തില്‍ എന്റെ ചില്ലകളിലും നിറയെ മൊട്ടുകള്‍ നിറഞ്ഞു കുറേ കുരുവികളും കിളികളും വന്നുതേന്‍ കുടിച്ചു കൂട്ടത്തില്‍ രണ്ടു കാക്കകളും വന്നു എന്റെ ഒരുശിഖരത്തില്‍ കൂടുവച്ചു അതോടെ എനിക്കു സന്തോഷമായി ഞാന്‍ വെറും പാഴല്ല എന്നു തോന്നി.അതിനിടയ്ക്കാണ് ഇവന്‍ എന്റെ ചോട്ടില്‍ വന്നത് വൈകുന്നേരം അച്ഛമ്മയുടെ വാലില്‍ തൂങ്ങി ഈ പീക്കിരിച്ചെക്കന്‍ എന്റെ ചുവട്ടിലൂടെ കാവലാംചിറയിലേയ്ക്കു കുളിക്കാന്‍ പോവും.അവനെ വേഗം കുളിപ്പിച്ചു കരയ്ക്കു വിട്ടിട്ട് അച്ഛമ്മ പറയും

''വേഗ്ഗം പോയി ചമ്മണമ്പടിഞ്ഞിരുന്ന് നാമം ചെല്ലണം ട്ടാ പൊന്ന്വോ."

ചെക്കനന്നേ വികൃതിയാ കുളിക്കാന്‍ പോവുമ്പഴേ അവനെന്റെ ചുവന്നപൂക്കളിലേയ്ക്കു നോക്കുന്നതു ഞാന്‍ കണ്ടതാണ് കുളിച്ചു കുട്ടപ്പനായി അവന്‍ തിരിച്ചുവന്ന് എന്റെ ചുവടു മുഴുവന്‍ പരിശോധിച്ചു കുറേ കൊഴിഞ്ഞ മൊട്ടുകള്‍ പെറുക്കിയെടുത്തു.എനിക്കത്ഭുതം തോന്നി എന്റെ മൊട്ടു തേടിയും ഒരു കുട്ടിയോ?ആകാംഷയോടെ ഞാന്‍ അവനെ നിരീക്ഷിച്ചു എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവന്‍ അവിടെയിരുന്നു "കുളിച്ച കുട്ടി മണ്ണിലിരിക്ക്യേ അയ്യേ" എന്നെനിക്കു പറയാന്‍ തോന്നിയെങ്കിലും ഞാന്‍ മിണ്ടിയില്ല.

അവന്‍ വാടിയ മൊട്ടുകളുടെ ചെറിയവാലെല്ലാം കളഞ്ഞ് രണ്ടു കുഞ്ഞു വിരലുകള്‍കൊണ്ട് കൂട്ടിപ്പിടിച്ച് ഒറ്റത്തിരിപ്പിക്കല്‍ കൊള്ളാം പമ്പരം പോലെ നിന്നുകറങ്ങുന്നു ഒരു വാടിയ മൊട്ട്! ഇവനാളുകൊള്ളാമല്ലോ എന്റെ ശിഖരത്തില്‍ നിന്നു ഞാന്‍ കുറച്ചു മൊട്ടുകള്‍കൂടി പൊഴിച്ചു കൊടുത്തു അവന് ഏറെ സന്തോഷമായി.പിറ്റേന്നും അവന്‍ വന്നു കൂടെ അവന്റെ ചങ്ങാതിമാരുമുണ്ടായിരുന്നു.അവര്‍ മൊട്ടുകള് ‍കൊണ്ട് പമ്പരങ്ങളും ചുവന്ന പൂക്കളുടെ നീണ്ട ഇതളുകള്‍ മുറിച്ചു ചുരുക്കി കമ്മ്യൂണിസ്റ്റപ്പയുടെ വടികളില്‍ കോര്‍ത്ത് കൊച്ചു വണ്ടികളുമുണ്ടാക്കിക്കളിക്കുന്നത് കണ്ട് സന്തോഷം കോണ്ടെന്റെ മനസ്സു നിറഞ്ഞു ചില്ലകളില്‍ ചുവന്ന പൂക്കളും.ഇടയ്ക്കൊക്കെ നല്ല പൂക്കള്‍ക്കു വേണ്ടി കല്ലുകള്‍പെറുക്കി എറിയും അതുകൊണ്ട് അവിടവിടെ തോലു പോയാലും എനിക്കു വേദനിക്കില്ലായിരുന്നു.


"പിള്ളേരെപ്പഴും അതിന്റെ ചോട്ടിത്തന്ന്യാ? വല്ലകൊമ്പ്വൊടിഞ്ഞ് തലയ്ക്ക് വീഴും പൂളയാ അത് സാധനം ഒരൊറപ്പൂല്യാത്തത്. ഇക്കൊല്ലം എന്താ പറ്റീതണാവോ കൊമ്പോക്കെ നെറച്ചും പൂവ്വും കായീണ്ടലോ?."

അവിടുത്തെ തറവാട്ടു മുത്തശ്ശിയാണ്

എനിക്കെന്താ കണ്ണുകണ്ടൂടെ? ഞരമ്പുവണ്ണത്തിലുള്ള മാവിന്‍ തുമ്പത്തും മറ്റും കുട്ടികള്‍ക്കു കയറിമറിയാം എന്റെ ചുവട്ടിലിരുന്നു കളിച്ചാല്‍ വഴക്കായി അടിയായി.എന്റെ ചുവന്ന പൂക്കളില്‍ നോക്കിയാല്‍ കണ്ണിക്കേടു വരുമത്രേ ഓരോരോ കുശുമ്പുകള്‍ ആ മുത്തശ്ശിയങ്ങനെ തട്ടി വിടും എന്നോടെന്തോ മുജ്ജന്മ വൈരാഗ്യമുള്ളതു പോലെയാണ്.കുട്ടികള്‍ അതൊന്നും കാര്യമാക്കാതായി കളിക്കാന്‍ പറ്റിയ പൂഴിമണ്ണും എന്റെ തണലും പിന്നെ പൂക്കുന്ന കാലമായാല്‍ പമ്പരമുണ്ടാക്കാനും വണ്ടിയുണ്ടാക്കാനും പെമ്പിള്ളാര്‍ക്കാണെങ്കില്‍ എന്റെ കുഞ്ഞുകായ്കള്‍ക്കുള്ളിലെ അരികളെടുത്ത് പേന്‍ മുട്ടിക്കളിക്കാനും.ഒക്കെകഴിഞ്ഞാല്‍ കാളിത്തള്ളവരും ഉണങ്ങിക്കരിഞ്ഞ മൊട്ടുകളൊക്കെ പെറുക്കിയെടുത്തു പോകും അതൊക്കെ വാങ്ങാന്‍ വടക്കുനിന്ന് ഒരു മാപ്ല വരുമത്രെ ആ ചെക്കന്‍ പറയുന്നതു കേട്ടതാണ് അതുകൊണ്ടു പോയി പൊടിച്ച് കാപ്പിപ്പൊടിയില്‍ മായം കലര്‍ത്തുമെന്ന്!
എന്തു തന്നെയായാലും ആചെക്കന്‍ വല്ലാത്ത കുസൃതി തന്നെ അവനെങ്ങനെ ഇത്രയും സൂത്രങ്ങള്‍ കിട്ടുന്നു ആവോ. ഒരു ദിവസം അവന്‍ എന്റെ രണ്ടു നാലു മുള്ളുകള്‍ കല്ലു വച്ച് കുത്തി അടര്‍ത്തിയെടുത്തു എന്നിട്ട് വേലിയോടു ചേര്‍ന്നു നില്‍ക്കുന്ന പുള്ളിനീരോലിയുടെ ഇലയും ചേര്‍ത്ത് ചവയ്ക്കാന്‍ തുടങ്ങി മുള്ളിന്റെ മൂര്‍ച്ചയെ ഓര്‍ത്തപ്പോള്‍ എനിക്കു പേടിയായി എന്തു ചെയ്യാനൊക്കും! ചക്കന്‍ എന്തോ അതിക്രമം കാണിക്കുകയാണെന്നാണു കരുതിയത് കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ചുവന്ന പൂക്കളെക്കാളും ചുവപ്പില്‍ അവന്‍ നീട്ടിത്തുപ്പി കാളിത്തള്ള നാലും കൂട്ടി മുറുക്കിത്തുപ്പിയാല്‍ പോലും അത്ര ചോപ്പു ഞാന്‍ കണ്ടിട്ടില്ല. പിന്നെ കുറേ ദിവസം അവനും കൂട്ടര്‍ക്കും മുറുക്കലിലായിരുന്നു കമ്പം.പിന്നെയൊരു ദിവസം കണ്ടു സ്കൂളില്‍ നിന്ന് വന്നപാടെ ഓടി വരുന്നു വന്നതും രണ്ടു നാലു മുള്ളുകള്‍ അടര്‍‍ത്തിയെടുത്ത് വന്നപോലെത്തന്നെ പാഞ്ഞു പോകുകയും ചെയ്തു.പിറ്റേ ദിവസമാണു അവനും കൂട്ടരും പിന്നെയെത്തിയത്
അവന്റെ കയ്യില്‍ തലേന്നത്തെ മുള്ളും കണ്ടു. കൂട്ടുകാരോട് അവന്റെ പുതിയ പരീക്ഷണം കാണിക്കുകയാണ്
അവന്റെ പേര് കൊത്തിയിരിക്കുന്നു പേനയിലെ മഷിയില്‍ മുക്കി അവന്റെ പേര് കടലാസില്‍ നിരനിരയായി പതിച്ചിരിക്കുന്നു! പിന്നെ കുറേ ദിവസം അതിലായിരുന്നു കമ്പം അതിനിടയ്ക്ക് ഒരു ദിവസം ചൂണ്ടു വിരലില്‍ ഒരു കെട്ടുമായി അവന്‍ വന്നിരുന്നു ബ്ലേഡ് കൊണ്ട് മുറിഞ്ഞതാവണം പിന്നെ അച്ചു നിര്‍മ്മാണം കണ്ടിട്ടില്ല.
എന്തായാലും എനിക്കു അഭിമാനവും സന്തോഷവും തോന്നിയ കുറേ കാലങ്ങള്‍ അവരെല്ലാം കൂടി സമ്മാനിച്ചു. മുത്തശ്ശിമാത്രം എന്നും പ്രാകും എന്റെ കൊമ്പില്‍ കൂടു കൂട്ടിയ കാക്കക്കുടുമ്പം കാരണം കയ്യില്‍ ഒരു മുള്ളുവടിയും കൊണ്ടേ മുത്തശ്ശി പുറത്തിറങ്ങൂ എന്നാല്‍ എന്റെ പഞ്ഞി നിറഞ്ഞ കായ്കള്‍ക്കു വേണ്ടി ആദ്യം വാശിപിടിക്കുന്നതും അവരാണ്.

എനിക്കോര്‍മ്മ വയ്ക്കുമ്പൊ മുതലേ കാണുന്നതാണ് അവരെ. നല്ല ഉച്ചത്തിലേ സംസാരിക്കൂ വലിയ ധൈര്യശാലിയാണെന്നാണു വെയ്പ്പ് എന്നാല്‍ എനിക്കറിഞ്ഞൂടെ ഭയങ്കര പേടിക്കാരിയാ .സന്ധ്യയ്ക്ക് കുളിയും കഴിഞ്ഞ് മൂപ്പത്ത്യാര് നമഃശിവായ നമഃശിവായ എന്നു ജപിച്ച് എന്റെ ചുവട്ടിലൂടെ നടന്നാണു പോവുക കൂടെ ആരുമില്ലെങ്കില്‍ കക്ഷിക്കു ഭയങ്കര ഭയമാണ്.എന്റെ ചുവട്ടില്‍ നിന്നല്പം മാറിയാണ് ആ തറവാട്ടിലെ കാരണവന്മാരെയൊക്കെ ദഹിപ്പിച്ച സ്ഥലം ആകെ ഉരുളന്‍ കല്ലുകളും മുള്ളുമൊന്തയും നിറഞ്ഞാണവിടെ കിടക്കുന്നത് ഇപ്പോളേറെയായി അവസാനത്തെ ശവദാഹം കഴിഞ്ഞിട്ട്. ഇവരുടെ അമ്മയായിരുന്നെന്നു തോന്നുന്നു അവസാനം, ഞാനന്നു ചെറുതായിരുന്നു ആളുകള്‍ എന്നെ ചവിട്ടി മതിച്ചും ഒടിച്ചു മടക്കിയും കടന്നു പോയി.ഇവിടെയെത്തിയാല്‍ മുത്തശ്ശിക്കു ഭയങ്കര പേടിയാണ് നാമജപമൊക്കെ അല്പ്പം ഉച്ഛത്തിലാകും എനിക്കു കുസൃതി തോന്നിയാല്‍ ചിലപ്പോള്‍ ഒരുണങ്ങിയ ചില്ലയോ വിത്തുണങ്ങി പഞ്ഞിനിറഞ്ഞു പാകമായ കായയോ ഉണങ്ങിയ തേക്കിലകളിലേയ്ക്കു കുടഞ്ഞിടും.വെപ്രാളം കൊണ്ട് അവരുടെ നാമജപം തെറ്റും,ഒരുചുവട് മുന്നോട്ട് ചാടും.എന്നിട്ട് ആരെങ്കിലും കാണുന്നുണ്ടോഎന്നും വെപ്രാളപ്പെട്ട് ഭയന്ന് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി ഓടും ഞാന്‍ തലയറഞ്ഞു ചിരിക്കും


ഉം.....നിയ്ക്കൊരു കെടയ്ക്ക നെറക്കാള്ള പഞ്ഞീണ്ടാവും നാടന്‍ പൂളടെ പഞ്ഞ്യൊക്കെ പ്പൊ കാശ് കൊടത്താകിട്ട്വോ?

"പടിഞ്ഞാറെ മുക്കിലെ പൂളടെ പഞ്ഞീന്നു വച്ചാല്‍ അതാണു പഞ്ഞി ഇപ്പഴത്തെയീ കെടക്കേലു വെരണ പഞ്ഞ്യൊക്കെ എന്തിനു കൊള്ളാം നിക്കാ പൂളടെ പത്തു കായ ങ്ങട്ടു തന്നാല്‍ മതി."

പിന്നെ പരമനോ കൊച്ചുണ്ണ്യാരോ വന്ന് കൊമ്പുകളൊക്കെ കുലുക്കി കായ്കളെല്ലാം പൊഴിച്ചിടും എന്തുത്സാഹമാണെന്നോ മുത്തശ്ശിക്കപ്പോള്‍! അന്നു മൊത്തം അവര്‍ക്കെന്നെ വല്യകാര്യമായിരിക്കും.

ഇപ്പോള്‍ എന്താണെന്നറിയില്ല വര്‍ഗ്ഗീസ് അവിടെ വന്നിട്ടുണ്ട്,തുരുമ്പിച്ച സൈക്കിള്‍ റോഡിലിരിപ്പുണ്ട്
ചുരുട്ടിയിട്ട വടവും ഒരു മഴുവായ്ത്തലയും ഉമ്മറത്തിണ്ണയില്‍ ചാരി നോക്കുന്നത് എന്നെത്തന്നെയാണോ?
ഒരു വിറ എന്റെ ഉടലില്‍ പടരുന്നു എനിക്കാ ചെക്കനെയൊന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. അവനിന്നു ഞായറാഴ്ചയായിട്ടും വീട്ടിലില്ലേ?...

Tuesday, 9 September 2008

പൊന്നോണ സ്മൃതികളില്‍.

പൊന്നോണം വരുന്നുണ്ടെ-
ന്നെല്ലാരും പറയുന്നു

ഓണ വില്ലൊലിയില്ല
പൂവിളി കേള്‍ക്കാനില്ല
പൂക്കളം തീര്‍ക്കാനൊരു
കൊച്ചു മുറ്റവുമില്ല

മുക്കുറ്റിത്തൈകളില്ല
തുമ്പക്കുടങ്ങളില്ല
താണുപറക്കുന്നൊരാ
പൊന്നോണത്തുമ്പിയില്ല

പൂക്കളും പൂമ്പാറ്റയും
തുമ്പിയും തുമ്പപ്പൂവും
കോടിമുണ്ടുടുത്തുണ്ണാന്‍
മാതോരുമില്ലെങ്കിലും
ഓണം വരുന്നുണ്ടെന്നെന്‍
പാഴ്മനം തുടിയ്ക്കുന്നു.

കണ്ണാടിച്ചുമരുള്ള
കടകള്‍ക്കുള്ളിലെല്ലാം
കടലാസുപൂക്കള്‍തന്‍
കാടുകള്‍ അനവധി

നിറങ്ങള്‍ കണ്ണില്‍ കുത്തി
നീറ്റലുണ്ടാക്കുന്നിതു
നിറഞ്ഞ സ്മൃതികളില്‍
നെടുവീര്‍പ്പുയരുന്നു.

കണ്ണാന്തെളിപ്പൂക്കള്‍തന്‍
തെളിമയോര്‍മ്മകളില്‍
തുമ്പപ്പൂ തന്നൊരിറ്റു
മധുവെന്‍ രസനയില്‍
ഉത്രാട രാത്രികള്‍തന്‍
കേളികള്‍ കാതുകളില്‍
അലയായ് ഓണനിലാ-
വൊളിയായ് വിടരുന്നു.

കനവില്‍ ഓണമെന്ന-
സ്മൃതിയതുണരുമ്പോള്‍
കാതങ്ങളെത്ര ദൂരെയാകിലും
കാലത്തിന്റെയൊഴുക്കില്‍
ഒറ്റയ്ക്കൊരു തുരുത്തില്‍ പിണഞ്ഞാലും
വ്യഥകള്‍ മറന്നെന്റെ
മാനസം തുടിയ്ക്കുന്നു.

തുടിയ്ക്കാതിരിക്കുവതെങ്ങനെ
ഞാനുമൊരു കൈരളി പെറ്റപുത്രന്‍
കനവില്‍ പൊന്നോണത്തിന്‍
സ്മൃതികള്‍ പേറുന്നവന്‍.