Saturday 28 March 2009

പൂര്‍ണ്ണവിരാമം

എഴുതപ്പെട്ട ഒരു കഥയിലെ
പൂര്‍ണ്ണവിരാമം നിലനിര്‍ത്തുന്ന
നീലമഷിയിലെ ഒരോ കണികയും
അതിനെക്കുറിച്ചു വിവരിക്കുകയാണ്

പൂര്‍ണ്ണവിരാമത്തിന്റെ അളവുകള്‍,അതിരുകളെന്നിവയെക്കുറിച്ച്
അതിന്റെ നിറങ്ങള്‍,ഗന്ധങ്ങള്‍,രുചിഭേദങ്ങളെക്കുറിച്ച്

അതിരിനുമപ്പുറം
ഇതൊരു വരിയുടെ,ഒരു ഖണ്ടികയുടെ,കഥയുടെ
പൂര്‍ണ്ണ വിരാമമാണെന്നും
ഇതിനുമപ്പുറം കഥ വിവരിക്കപ്പെടുന്നില്ലെന്നും!
ഇതിനുമപ്പുറം മറ്റൊരു വരി മുതല്‍
കഥയങ്ങനെ നീണ്ടു കിടക്കുന്നുവെന്നും!

ഇതൊരു കഥയേ അല്ല ഇതിലൊരു കഥയുമില്ല
വീണുടഞ്ഞൊരു മഷിക്കുപ്പയില്‍ നിന്നു
തെറിച്ചു വീണൊരു തുള്ളിമാത്രമെന്നും!

മഷിയേയും തൂലികയേയും കുറിച്ച്
കഥയേയും കഥാകാരനേയും കുറിച്ച്
അനന്തമായ വാഗ്വാദങ്ങള്‍ക്കിടെ
ചട്ട തുളച്ചു കയറിയ
ഇരട്ടവാലന്‍ പുഴുവിന്റെ അടുത്തകടിയില്‍
പൂര്‍ണ്ണവിരാമത്തിലെ വിവാദങ്ങള്‍ക്ക് വിരാമമായി.