Monday, 25 April 2011

സത്യസായി ബാബ- ദൈവികമായ ഒരു അത്ഭുത കഥ

എ.പി.ജെ.അബ്ദുള്‍കലാം

 നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ഗ്രാമീണ ജനതയ്ക്ക് കുടിവെള്ളം, ദരിദ്രരായ ഗ്രാമീണര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, ഉന്നത വിദ്യാഭ്യാസം എന്നിവയൊക്കെ ലഭ്യമാക്കുകയും ചെയ്ത ഭഗവാന്‍ സത്യ സായി ബാബയെ ഞാന്‍ ബഹുമാനിക്കുന്നു.മനുഷ്യ വിഭവ വികാസത്തിന്‍റെ പ്രധാന ഘടകങ്ങള്‍ മല്യാധിഷ്ടിതമായ വിദ്യാഭ്യാസവും ഗുണ മേന്മയുള്ള ആരോഗ്യ രക്ഷയുമാണ്. അതിനു പുറമെ കുടിവെള്ളലഭ്യത പോലുള്ള അടിസ്ഥാന സൗകര്യങ്ങളും മനുഷ്യശേഷിയുടെ വികാസത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.ഇക്കാര്യങ്ങള്‍ ലഭ്യമാക്കുവാന്‍ സര്‍ക്കാരുകള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നത് ശരിയാണ്.ഇന്ത്യന്‍ ജനതയുടെ വിശേഷിച്ചും ആന്ധ്ര കര്‍ണാടക സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഈ ആവശ്യങ്ങളെക്കുറിച്ച് എന്നും ബോധവാനായിരുന്നു ഭഗവാന്‍ സ്വാമി സത്യസായിബാബ.ഈ ലക് ഷ്യത്തോടെ പ്രൈമറിതലം തൊട്ട് യൂണിവേഴ്സിറ്റി തലം വരെ കുട്ടികള്‍ക്ക് മൂല്യാധിഷ്ടിതമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അദ്ധേഹം സൗകര്യമൊരുക്കി.ഉള്‍നാടുകളില്‍ കോര്‍പ്പറേറ്റ് ആസ്പത്രികള്‍ ഇല്ലാതിരുന്ന ഒരുകാലത്ത് അദ്ധേഹം ഗ്രാമീണ മേഖലയില്‍ 1991 ല്‍ തന്നെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി സ്ഥാപിച്ചു.ആന്ധ്രയിലെ അനന്ദപുര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ശുചിയുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കുകയും ചെയ്തു.ഈ സ്ഥാപനങ്ങളുടെ തനതായ ഗുണ വിശേഷങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.

 ഒരു കുട്ടിയുടെ ബാല്യത്തിലെ ഏറ്റവും നല്ല കാലമെന്നു പറയുന്നത് അവന്‍/അവള്‍ സ്കൂളില്‍ ചെലവഴിക്കുന്ന കാലമാണ്.രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ സ്കൂളില്‍ ചെലവഴിക്കുന്ന സമയമാണ്ഏറ്റവും നല്ല സമയം.ഗ്രാമീണ ദരിദ്രരുടെ പ്രശ്നങ്ങള്‍ ബാബ മനസ്സിലാക്കിയിരുന്നു. സത്യസായി ട്രസ്റ്റ് സ്ഥാപിച്ച എല്ലാ സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്ന് അദ്ധേഹം നിശ്ചയിച്ചിരുന്നു. ഹൃദയം, മനസ്സ്, ശരീരം എന്നിങ്ങനെ എല്ലാറ്റിന്‍റെയും വികാസത്തില്‍ ഒരുപോലെ ശ്രദ്ധിച്ചിരുന്നു ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.ശരീരം ആരോഗ്യ പൂര്‍ണ്ണമാക്കുന്നതിലും മനസ്സിനെ സൂക്ഷ്മമാക്കുന്നതിലും ഹൃദയത്തെ ശുദ്ധമാക്കി സൂക്ഷിക്കുന്നതിലും ഒരുപോലെ ഊന്നല്‍ നല്‍കുന്ന സംയോജിത വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ഇത് സാധിച്ചത്.സ്ഥാപനത്തിന്‍റെ ചാന്‍സലര്‍ എന്ന നിലയില്‍ കുട്ടികളെ മാതൃകാ പൗരന്മാരായി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ധേഹം ധാരാളം സമയം ചെലവിട്ട് ശ്രദ്ധ വച്ചിരുന്നു.
 " വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്‍റെ അടിത്തറയാണ്. ഞാന്‍ വിലകല്പ്പിക്കുന്ന ഒരേയൊരു ധനവും അതുതന്നെ.വിദ്യാര്‍ത്ഥികളാണ് എന്‍റെ എല്ലാം. എന്‍റെ എല്ലാസ്വത്തുക്കളും അവരാണ്. ഞാന്‍ അവര്‍ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്നു." എന്നാണ് ബാബ പറയുന്നത്. "വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം സത് സ്വഭാവമാണ് അറിവിന്‍റെ ലക്ഷ്യം സ്നേഹവും" എന്നും അദ്ധേഹം പറഞ്ഞു. അക്കാദമിക് മികവിനോടൊപ്പം തന്നെ വിദ്യഭ്യാസത്തിന്‍റെ സുപ്രധാന ഘടകമായ സ്വഭാവരൂപവത്കരണത്തിന് സത്യ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹയര്‍ ലേണിംഗ് ഊന്നല്‍ നല്‍കുന്നതും അതുകൊണ്ടാണ്.സ്വഭാവത്തിലെ കുലീനത ഉടലെടുക്കുന്നത് എളിമ, ഹൃദയ വിശാലത, കാരുണ്യം, സഹായമനഃസ്ഥിതി, ധാര്‍മ്മീകമൂല്യങ്ങളോടുള്ള പ്രതിപത്തി എന്നിവയില്‍ നിന്നാണ്.വിദ്യാഭ്യാസം ജീവിതത്തിനു വേണ്ടിയാണ്, വെറുതെ ജീവിക്കുന്നതിനു വേണ്ടിയുള്ളതല്ല എന്ന തത്വമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പാഠ്യപ്രവര്‍ത്തനങ്ങളേയും അനുബന്ധ പ്രവര്‍ത്തനങ്ങളേയും കോര്‍ത്തിണക്കുന്ന ഒരേയൊരു ചരട്.രാജ്യത്തെ പ്രധാന സ്ഥാപനങ്ങളും കമ്പനികളും സായി വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഉത്സുകരാണെന്നതാണ് അനുഭവം.അങ്ങനെ സ്വീകരിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിന്‍റെ എല്ലാതരത്തിലുള്ള പ്രവര്‍ത്തനങ്ങളിലും തൊഴില്‍ മനോഭാവത്തില്‍ മാറ്റം കൊണ്ടു വരുന്നു എന്നും സംഘബോധം സംഭാവന ചെയ്യുന്നു എന്നും മൂല്യാധിഷ്ടിതമായ സമീപനം കൊണ്ടുവരുന്നു എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
 രായസലീമ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നതിനെക്കുറിച്ച് ഉള്ളില്‍ തട്ടുന്ന ഒരു പരാമര്‍ശം 1994ല്‍ ബാബ നടത്തുകയുണ്ടായി. ഒരു നൂറ്റാണ്ടായി തുടരുന്ന ഈ പ്രശ്നം അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു എന്ന് അദ്ധേഹം പറഞ്ഞു.1995ല്‍ അനന്തപുര്‍ ജില്ലയില്‍ കഴിയുന്നിടത്തോളം പേര്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ബുദ്ധിമുട്ടോ ചെലവോ പരിഗണിക്കാതെ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സായിബാബ ട്രസ്റ്റ് ഏറ്റെടുത്തതോടെ അദ്ധേഹത്തിന്‍റെ സമുദായ സേവനം പുതിയ മാനം കൈവരിച്ചു.ഭൂഗര്‍ഭജലം ഇതിനുപയോഗപ്പെടുത്താന്‍ തീരുമാനിച്ചുവെങ്കിലും ഫ്ലൂറൈഡ് പ്രശ്നത്തെതുടര്‍ന്ന് ഇത് വേണ്ടെന്നു വച്ചു.മഴക്കാലത്ത് പ്രത്യേക സംഭരണികളില്‍ മഴവെള്ളം സൂക്ഷിച്ചു വയ്ക്കാനും നദിയിലെ വെള്ളം ഉപയോഗപ്പെടുത്താനും അങ്ങനെയാണ് തീരുമാനിച്ചത്.അനന്തപുര്‍ ജില്ലയിലെ വടക്കന്‍ പ്രദേശത്തായിരുന്നു മിക്ക ജല സ്രോതസ്സുകളും.തെക്കന്‍ ഭാഗം ഉയര്‍ന്ന് ചെരിവായിക്കിടക്കുന്നതാണ് ഭൂപ്രകൃതി.അതുകാരണം തെക്കന്‍ ഭാഗത്ത് വെള്ളമെത്തിക്കുന്നതിന് ധാരാളം പമ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടിവന്നു.ധാരാളം നിര്‍മ്മാണപ്രവൃത്തികള്‍ ഇതിനായി വേണ്ടി വരികയും ചെയ്തു.ഈ ബുദ്ധിമുട്ടുകളൊക്കെയുണ്ടായിട്ടും 18 മാസം കൊണ്ട് അനന്തപുര്‍ ജില്ലയില്‍ വെള്ളമെത്തിക്കാന്‍ കഴിഞ്ഞു.
ഒരു കൊല്ലം ഇത് പ്രവര്‍ത്തിപ്പിച്ച ശേഷം ആന്ധ്രയിലെ ജനങ്ങള്‍ക്കുള്ള  സമ്മാനമായി ഈ ജലവിതരണ ശൃംഖല മുഴുവന്‍ ഗവണ്മെന്‍റിന് കൈമാറുകയും ചെയ്തു.750  ഗ്രാമങ്ങളിലെ 10 ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക് ഇതില്‍ നിന്ന് ഇപ്പോള്‍ വെള്ളം ലഭിക്കുന്നു.
 എണ്‍പതുകളില്‍ നമ്മുടെ നഗരപ്രദേശങ്ങളില്‍ ധാരാളം കമ്പനികളുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ നിലവില്‍ വന്നു. എന്നാല്‍ വാണിജ്യ ലക്ഷ്യങ്ങള്‍കാരണം നഗര പ്രദേശങ്ങളിലെ ധനികര്‍ക്കു മാത്രമേ അതിന്‍റെ  പ്രയോജനം ലഭിച്ചുള്ളൂ. ആരോഗ്യ സേവനത്തിന്‍റെ ലഭ്യതയുടെ കാര്യത്തില്‍ ധനികരും ദരിദ്രരും തമ്മിലും നഗരവാസികളും ഗ്രാമ വാസികളും തമ്മിലും വലിയ വിടവ് നിലവില്‍ വന്നിട്ടുണ്ടായിരുന്നു. ഇത് മനസ്സില്‍ കണ്ടുകൊണ്ട് പുട്ടപര്‍ത്തിയില്‍ ലോക നിലവാരത്തിലുള്ള ഒരാസ്പത്രി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്നും അവിടെ വരുന്ന എല്ലാവര്‍ക്കും വിശേഷിച്ചും പാവപ്പെട്ടവര്‍ക്ക്, അവിടെ സൗജന്യ ചികിത്സ ലഭിക്കുമെന്നും 1991 നവംബര്‍ 23 ന് സ്വാമിജി പ്രഖ്യാപിച്ചു. ഈ ആസ്പത്രിയില്‍ ഇപ്പോള്‍ എത്രയോ മേജര്‍ ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. ആസ്പത്രിയുടെ നടത്തിപ്പിന് ജനറല്‍ ഡോക്ടര്‍മാരെ നിയോഗിക്കുമ്പോള്‍ ഇന്ത്യയിലും വിദേശത്തുമുള്ള  പ്രശസ്തരായ ശസ്ത്രക്രിയാ വിദഗ്ധര്‍  ഇവിടെ ലീവെടുത്തു വന്ന് പ്രതിഫലമൊന്നും കൂടാതെ സേവനം നടത്തുന്നു. നഴ്സിംഗ് സേവനവും ഇതുപോലെത്തന്നെ. സുഖം പ്രാപിച്ചു വരുന്ന രോഗികള്‍ തന്നെ ശസ്ത്രക്രിയക്കെത്തുന്ന പുതിയ രോഗികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ആസ്പത്രി പരിസരം ശുചിയാണെന്നു മാത്രമല്ല , അവിടെ ശാന്തിയുടേയും സമാധാനത്തിന്‍റേയും ദൈവീകമായ അന്തരീക്ഷം നിലനില്‍ക്കുന്നതായും അനുഭവപ്പെടും.സേവന ബോധം ആസ്പത്രി പരിസരമാകെ പ്രസരിക്കുന്നതായി തോന്നും.
 പുട്ടപര്‍ത്തിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയാകട്ടെ, അനന്തപുരില്‍ കുടിവെള്ളം കൊടുക്കുന്നതാകട്ടെ,കണ്ടലേരുവിലെ പ്രശ്നങ്ങള്‍ തീര്‍ത്ത് ചെന്നെയില്‍ കുടിവെള്ളമെത്തിക്കുന്നതാകട്ടെ എല്ലാ പദ്ധതികളും കൃത്യ സമയത്തിനുള്ളില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചുകൊണ്ട് നിശ്ചയിച്ച കാലയളവിനുള്ളില്‍ നിന്നുകൊണ്ടു തന്നെയാണ് പൂര്‍ത്തിയാക്കപ്പെട്ടിട്ടുള്ളത്. ഇതെങ്ങനെ സാധിച്ചു? ഞാന്‍ അതേക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഈ പദ്ധതികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള മാനേജര്‍മാരേയും,കോണ്ട്രാക്ടര്‍മാരേയും ഉപ കോണ്ട്രാക്ടര്‍മാരേയും ഏല്പ്പിച്ചതാണ് ഇതിന്‍റെ പ്രധാന കാരണമെന്ന് മനസ്സിലാക്കാം. അവര്‍ സഹകരണത്തിന്‍റേയും സമര്‍പ്പണത്തിന്‍റേയും ത്യാഗത്തിന്‍റേയും ഭാവത്തോടെ ഈ പദ്ധതികള്‍ നടപ്പാക്കുകയാണുണ്ടായത്.സത്യം, ശരിയായ പ്രവര്‍ത്തി അക്രമരാഹിത്യം, സ്നേഹം, സമാധാനം എന്നീ അടിസ്ഥാന മാനുഷീക മൂല്യങ്ങള്‍, ചുമതല ഏല്പ്പിക്കപ്പെട്ട മുഖ്യന്‍മാര്‍ പിന്തുടര്‍ന്നു. അതുകൊണ്ടാണ് ഇവ സാധിച്ചത്.സാമൂഹിക പരിവര്‍ത്തനത്തിനുള്ള ദേശവ്യാപകമായ, നിസ്വാര്‍ത്ഥമായ ഒരു ദൗത്യത്തിന് ഇതിനേക്കാള്‍ മഹനീയമായ മാതൃക ചൂണ്ടിക്കാട്ടാനാവുമോ?

ഇന്നത്തെ മാതൃഭൂമിയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍റേതായി കൊടുത്തിരിക്കുന്ന ലേഖനം.