Thursday, 9 June 2011

അഴിമതിയെ വെറുക്കുന്നവര്‍ക്ക് മാത്രം

വിദേശികള്‍ നൂറ്റാണ്ടുകളെടുത്ത് കടത്തിക്കൊണ്ടുപോയ സ്വത്തുക്കളെ കവച്ചുവയ്ക്കുന്ന വിധത്തില്‍ ഇന്ത്യയിലെ അഴിമതിക്കാരന്‍റെ കള്ളപ്പണം വിദേശബാങ്കുകളില്‍ വളരുന്നു.നമ്മുടെ വിയര്‍പ്പിന്‍റെ,ചോരയുടെ പങ്കുപറ്റി ജീവിക്കുന്ന രാഷ്ട്രീയത്തിലെ പരാദജീവികളെ പൊതുസമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട സമയമാണ് സമാഗതമായിരിക്കുന്നു. അഴിമതിക്കെതിരെ അണിചേരാന്‍ ഉദ്ധേശിക്കുന്നവര്‍ അന്നാ ഹസാരെയോടൊപ്പം അണിചേരുക.

Thursday, 2 June 2011

കാക്ക കരഞ്ഞാലും പോരെ നേരം വെളുക്കാന്‍?



 ബാബാ രാം ദേവ്, ഇന്ത്യക്കുപുറത്ത് അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തിക്കൊണ്ട് ഇദ്ധേഹം ഒരു നിരാഹാര സത്യഗ്രഹ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നു.അഴിമതി നിര്‍മ്മാര്‍ജ്ജനത്തിനായി അന്നാഹസാരെയുടെ സമരം, ദരിദ്രജനവിഭാഗത്തിന്‍റെ നികുതിപ്പണം മോഷ്ടിച്ചു വിദേശബാങ്കുകളില്‍ പൂഴ്ത്തിവയ്ക്കുന്നതിനെതിരെ ബാബാ രാംദേവിന്‍റെ സമരം,ഒരു പക്ഷേ ഭാരതാംബയുടെ മക്കള്‍ ഉണരുകയായിരിക്കാം.സഹസ്രകോടികളുടെ അഴിമതിക്കഥകള്‍ വെറും വാര്‍ത്തകള്‍ മാത്രമായി കാണേണ്ടിവരുന്ന സാദാരണക്കാരന് അല്പമെങ്കിലും ആശ്വസിക്കാം.പാവപ്പെട്ടവന്‍റേയും പട്ടിണിക്കാരന്‍റേയും പാര്‍ട്ടിക്കും, ജാതിപ്പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ സമരങ്ങള്‍ക്കോ സത്യഗ്രഹങ്ങള്‍ക്കോ കാരണമില്ലാതിരിക്കുകയാണ്.പണ്ടെങ്ങാണ്ട് നടന്നസമരങ്ങളുടെ അടുത്തൂണ്‍പറ്റിക്കഴിയുന്ന അവര്‍ക്ക് ഇപ്പോള്‍ നേതാക്കന്മാരുടെ അസാന്മാര്‍ഗ്ഗികതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അവര്‍ക്കുവേണ്ടി ജയ് വിളിക്കാനും മാത്രമേ സമയമുള്ളൂ. കാലിന്‍റെ ചോട്ടില്‍ നിന്ന് മണ്ണ് തുരന്നെടുത്ത് പോകുമ്പോഴും നേതാവിനും പാര്‍ട്ടിക്കും വേണ്ടി മുദ്രാവാക്യം മുഴക്കുന്ന ആരും അത് തുരന്നെടുക്കുന്ന തൊരപ്പന്മാരുടെ വര്‍ഗ്ഗത്തിനു വേണ്ടിയാണ് തങ്ങള്‍ തൊണ്ടപൊട്ടിക്കുന്നതെന്ന് മനസ്സിലാക്കാറില്ല.പൊതുപ്രവര്‍ത്തകരംഗത്തു നിന്നും ആത്മീയരംഗത്തുനിന്നും അഴിമതിരാഷ്ട്രീയത്തിനെതിരെ ശബ്ദമുയരുന്നത് അരാഷ്ട്രീയമാണെന്ന് വാദിക്കുന്നത് കാണുന്നുണ്ട്.അഴിമതിരാഷ്ട്രീയത്തിനെതിരെ സജീവരാഷ്ട്രീയത നിശബ്ദത പാലിക്കുമ്പോള്‍ മറ്റുമേഖലകളില്‍ നിന്ന് അതിനെതിരെ
പ്രതികരണമുയരുന്നത് സ്വാഭാവികമാണെന്ന് എനിക്കു തോന്നുന്നു.കോഴികള്‍ കൂവാനില്ലാത്ത കാലത്ത് കാക്കകരഞ്ഞാലും പോരെ നേരം വെളുക്കാന്‍?  :) രാഷ്ട്രീയക്കാരുടെ പ്രതികരണം മാത്രം പ്രതികരണവും മറ്റെല്ലാം അരാഷ്ട്രീയതയുമാണെന്നും എനിക്ക് അഭിപ്രായമില്ല,മറിച്ച് എല്ലാമേഖലയില്‍ നിന്നും അഴിമതിരാഷ്ട്രീയത്തിനെതിരെ ശക്തമായ മുന്നേറ്റങ്ങള്‍ വരട്ടെ.രാഷ്ട്രീയത്തില്‍ ഒരു കാടുതെളിക്കലിന്‍റെ കാലം അതിക്രമിച്ചിരിക്കുന്നു.എന്നിട്ട് ബാക്കിയുള്ള രാഷ്ട്രീയവും രാഷ്ട്രീയക്കാരനും മതി ഇന്ത്യക്കാരന്.