Wednesday, 31 August 2011

എല്ലാ അഴിമതിക്കാരും രാഷ്ട്രീയക്കാരല്ല എന്നാല്‍ അഴിമതിക്കാരെല്ലാം രാഷ്ട്രീയക്കാരാണ്.

എല്ലാ അഴിമതിക്കാരും രാഷ്ട്രീയക്കാരല്ല എന്നാല്‍ അഴിമതിക്കാരെല്ലാം രാഷ്ട്രീയക്കാരാണ്.

Saturday, 20 August 2011

64 വര്‍ഷത്തെ അഴിമതിപ്പണം

ആയിരം അനന്തപദ്മനാഭഭണ്ഡാരങ്ങളിലെ സ്വത്ത്, 64വര്‍ഷത്തെ ഭാരതത്തിന്‍റെ അഴിമതിപ്പണത്തിനോളം വരുമോ?

മെയിലില്‍ കിട്ടിയത്

Thursday, 18 August 2011

ഇന്ത്യന്‍ അത്ബുദം

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ പറയുന്നു അഴിമതി ഇന്ത്യയെ ബാധിച്ചിരിക്കുന്ന 'അത്ബുതമാണ്'.അത് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ മാന്ത്രികവടിയൊന്നുമില്ല.അതിന്‍റെ നിര്‍മ്മാര്‍ജ്ജനത്തിന് നിരാഹാരസമരമോ അല്ലെങ്കില്‍സമരംതന്നെയോഒരു വഴിയല്ല. അതൊക്കെതീരുമാനിക്കേണ്ടത് പാര്‍ലമെന്‍റാണ്.
പരാതിയുള്ളവര്‍ പാര്‍ട്ടിയുണ്ടാക്കി പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടി ശരിയായ മാര്‍ഗ്ഗത്തില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത് അല്ലാതെയുള്ള സമരരീതികളൊക്കെ ജനാധിപത്യത്തേയും പാര്‍ലമെന്‍ററി സിസ്റ്റത്തേയും അട്ടിമറിക്കുന്നതാണ് അത് അനുവദനീയമല്ല.അഴിമതിനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ഒരു കരട് പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുണ്ട്.ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണം പോലെ രാഷ്ട്രീയക്കാരനു വേണ്ടി രാഷ്ട്രീയക്കാരന്‍ തയാറാക്കുന്ന ലോകപാലന ബില്‍ എന്നവീക്ഷണമാണ് ശരി എന്നും നമ്മുടെ പ്രധാനമന്ത്രി കരുതുന്നു.അദ്ധേഹത്തിന്‍റെത് ശരിയായ വീക്ഷണമാണ് ബുദ്ധിജീവികളും രഷ്ട്രീയവാദികളും അത് ശരിവയ്ക്കുന്നുമുണ്ട്.എന്നാല്‍ സാദാരണക്കാരന്‍റെ ശരി എന്താണ്? അവന്‍റെ ശരിക്ക് ജനാധിപത്യ സമൂഹത്തില്‍ വല്ല മൂല്യവുമുണ്ടോ?അവന്‍റെ ശരിക്കുവേണ്ടി നിലകൊള്ളേണ്ട ബാധ്യത രാഷ്ട്രീയക്കാരനുണ്ടോ? രാഷ്ട്രീയക്കാരന്‍ ചെയ്യുന്ന ഓരോ സേവനത്തിനും ചെലവഴിക്കാന്‍ ഉപ്പിനും കര്‍പ്പൂരത്തിനും വരെ നികുതികൊടുക്കുന്ന സാദാരണക്കാരന്, അവന്‍റെ അവകാശങ്ങള്‍ക്കു വേണ്ടി സമാധാനപരമായി സമരം ചെയ്യാന്‍ ഒരവകാശവുമില്ലേ? ഇല്ല എന്നാണ് രാഷ്ട്രീയ വിചക്ഷണരും ബുദ്ധിജീവികളും പറയുന്നത്,പ്രത്യേകിച്ച് സൈബര്‍ ബുദ്ധിജീവികള്‍.


 സമൂഹത്തിന്‍റെ  എല്ലാതുറകളിലും ഇത്രയും ആഴത്തില്‍ സ്വാധീനിക്കത്തക്കം ഇത് വളര്‍ത്തിയെടുക്കുന്നതില്‍ ഓരോ ഭാരതീയനും നല്‍കിയിട്ടുള്ള നിസ്തുലമായ സംഭാവന മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഒരു മാതൃകയാണ്.സത്യം പറയാമല്ലോ ഞാനും ഇക്കാര്യത്തില്‍ ഒരു തികഞ്ഞഭാരതീയനാണ്.നല്ലനടപ്പുകാലത്ത് ബന്ധുജനങ്ങളുടേയും പീടികക്കാരണവന്മാരുടേയും ഉപദേശശരശയ്യയില്‍ വിശ്രമിക്കുമ്പോഴാണ് വീട്ടില്‍ ആരെങ്കിലും പറയുക

"അല്ല, നിനക്കെന്താ ഒരു പാസ്പ്പോര്‍ട്ടിന് അപേക്ഷിച്ചാല്? ഹെയ് , വേണ്ടെങ്കി പോവണ്ടാ, ഒരു പാസ് പോര്‍ട്ടെടുത്ത് വച്ചാല്‍ വേറേം ഉപകാരങ്ങള് കാണ്വല്ലൊ."

പിന്നെ  പാസ്പോര്‍ട്ടെടുത്തതു കൊണ്ടു മാത്രം ജീവിതം പച്ച തൊട്ടവരുടെ ധീര ചരിത്രങ്ങള്‍ മടക്കിക്കുത്തി എഴുന്നേല്‍ക്കും.അതില്‍ റബറുവെട്ടി നടന്ന ബക്കറിന്‍റെമുതല്‍ മീന്‍ വിറ്റ് ഉന്നതപഠനം നടത്തി ഗള്‍ഫില്‍ പോയ പീറ്ററിന്‍റെവരെ കഥകള്‍ ഉണ്ടായിരിക്കും.

അങ്ങനെ കാലുവെന്ത നായുടെ കാതില്‍ കടുകുവീണ അവസ്ഥയായപ്പോള്‍ സംഗതിയൊക്കെ ഒപ്പിച്ചെടുത്ത് ഒരു ട്രാവല്‍ ഏജന്‍സിയില്‍ ചെന്നു അപേക്ഷ പൂരിപ്പിച്ചു കൊടുത്തു. 'സംഗതി' അങ്ങനെയൊന്നും വരാത്ത കാലമായിരുന്നു അത്.പല്ലവിയും അനുപല്ലവിയും ചുറ്റിപ്പിണഞ്ഞ് ചരണത്തില്‍മുങ്ങി ചാവാന്‍ നടക്കുന്ന കാലം.സാധകം എത്രചെയ്താലും സംഗതി മാത്രം വരാത്ത ഒരുകാലം കടന്നുപോരാത്ത ആരെങ്കിലും ഉണ്ടായിരിക്കുമോ? സംശയമാണ്.കുറേ ദിവസം കഴിഞ്ഞ് ട്രാവല്‍ ഏജന്‍സിക്കാരന്‍ വിളിച്ചു പറഞ്ഞു.

"ദേ അടുത്തുതന്നെ പൊലീസ് വെരിഫിക്കേഷന്‍ ഉണ്ടാവും,അയല്‍ വീട്ടുകാരൊക്കെ എങ്ങനെ?"

"അവരൊക്കെ വളരെ നല്ലവരാ, അല്ല അയല്‍ക്കാരന്‍ മോശമായാല്‍ എനിക്ക് പാസ് പോര്‍ട്ട് കിട്ടില്ലേ?"

"അയല്‍ക്കാരന്‍ വല്ലതും പണിതാല്‍ പണി പാളും അതാ പറഞ്ഞത്, എന്തായാലും എല്ലാവരേം കണ്ട് ഒന്ന് പതപ്പിക്കുന്നത് നല്ലതാ."

അങ്ങനെ അയല്‍ വീട്ടിലൊക്കെ സംഗതി പറഞ്ഞു എല്ലാവരും കട്ടന്‍ ചായയും മിച്ചറും ഉപദേശവും വേണ്ടുവോളം തന്നു.ചിലരൊക്കെ ഗള്‍ഫു നാടുകളിലെ ക്യാമ്പുകളെക്കുറിച്ചും അറബികളുടെ ഒടുക്കത്തെ പീഢനത്തെപ്പറ്റിയുമൊക്കെ മുന്നറിയിപ്പു തന്നു.കമ്പനി വിസയാണെന്നു പറഞ്ഞ് കൊണ്ടുപോയി ആടിനേം ഒട്ടകത്തിനേയും മേക്കാന്‍ വിടുമത്രെ! സൂക്ഷിക്കണം പിന്നെ ഇവിടത്തെപ്പോലെ എടുത്തുചാട്ടമൊന്നും നടപ്പില്ല അവര്‍ എപ്പോഴും തലയില്‍ കെട്ടിനടക്കുന്നത് എന്താണെന്നറിയുമോ? ചാട്ടയാണ് ചാട്ട!!!

"ഓ അതൊക്കെ പിന്നെയല്ലേ ഇതിപ്പോ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നു അത്ര്യെ ഉള്ളൂട്ടോ."

"ഹും ഇപ്ലത്തെ പിള്ളാര്ക്കൊന്നും ഒരു വീണ്ടുവിചാരോമില്ല വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ ഒക്കെ ശ്രദ്ധിക്കുന്നതു നല്ലതാന്നാ പറഞ്ഞത് കുട്ട്യേ."

അങ്ങനെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നീണ്ടു,ഒടുവില്‍ പോലീസ് വെരിഫിക്കേഷനു വന്നു പോയി എന്ന് ഒരു ദിവസം വൈകുന്നേരത്തു വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞു.പിറ്റേന്ന് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സിക്കാരന്‍പറഞ്ഞു.ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ പോവുന്നത്. അവിടെ കണ്ട ഒരു പോലീസുകാരനോടു ചോദിച്ചപ്പോള്‍ ഉള്ളില്‍ ചെന്ന് ഒരു ഓഫീസറെ കാണാന്‍  പറഞ്ഞു. ട്രാവല്‍ ഏജന്‍സിക്കാരന്‍ അയാള്‍ക്ക് മുന്നൂറു രൂപ കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് കാര്യങ്ങള്‍ സ്മൂത്തായിനടക്കാനാണത്രെ.പണ്ട് ഒരു കല്യാണത്തിനു പോയി ഊണുകഴിഞ്ഞ് കാശുവക്കാതെ ഊരിയ വൈഭവം ഓര്‍ത്തപ്പോള്‍ മുന്നൂറുരൂപയെക്കുറിച്ച് ഒരത്യാഗ്രഹം തോന്നി, എന്നാലും ഏതു നിമിഷവും എടുത്തുകൊടുക്കാന്‍ പാകത്തില്‍ ഒരു മജീഷ്യനെപ്പോലെ ഉള്ളംകയ്യില്‍ രൂപയുമായി ഞാന്‍ ചെന്നു.

"സര്‍,.....
"ഉം.... എന്താ?"

"പാസ്പോര്‍ട്ട് പോലീസ് വെരിഫിക്കേഷന് സാര്‍ ഇന്നലെ വീട്ടില്‍ വന്നപ്പോള്‍, ഇവിടെ വരാന്‍ പറഞ്ഞു എന്നു പറഞ്ഞു"

"ഓ... ഓ ....ശരി മനസിലായി  എന്താ ഇപ്പോ ഏര്‍പ്പാട്?"

"പണിക്കു പോണു അവിടെ അടുത്തുതന്നെ ഒരു വര്‍ഷോപ്പില്‍"

"അലമ്പ് ഏടപാടുകള്‍ വല്ലതുമൊക്കെയുണ്ടോടെയ്?"

"ഹേയ് ഇല്ല സര്‍"

"ഉം ശരി അപ്പോ കാര്യങ്ങള് നടക്കട്ടെ അല്ലേ"

"അതെ സര്‍."

കൊള്ളാം നല്ല സാറാ ഈ തങ്കപ്പെട്ട മനുഷ്യനെയാണ്,... വെറുതെ തെറ്റിദ്ധരിച്ചു.നില്‍ക്കണോ അതോ പോണോ എന്ന് ഒരു സന്ദേഹത്തില്‍ വെള്ളംചവിട്ടുപോസില്‍ കുറച്ചുനേരം നിന്നു.ആ മുന്നൂറു രൂപയാണ് ഈ ആശയക്കുഴപ്പത്തിനു കാരണം, അതു കൊടുത്ത് അഭിമാനപൂര്‍വ്വം പോകാം.അല്ലെങ്കില്‍ ഒരു ശ്രമം നടത്താം കിട്ടിയാല്‍ ഒരു മുന്നൂറ്! ഒരാഴ്ചത്തെ ശമ്പളമാണ് ഒരു ഷര്‍ട്ടും പാന്‍റുമെടുക്കാനുള്ളകാശുണ്ട്.എന്നാല്‍ വെള്ളം ചവിട്ടിനും ഒരു പരിധിയൊക്കെയില്ലേ അവരെന്തു കരുത്തും? ഒടുവില്‍ രണ്ടും കല്പിച്ച് ചോദിച്ചു.

"അപ്പോ ന്നാ ...... ഞാന്‍ വരട്ടെ സര്‍"

"ഓ അപ്പൊ എന്നത്തേയ്ക്കാ യാത്രയൊക്കെ?"

തൊട്ടപ്പുറത്തിരിക്കുന്ന സാറാണ്, ഇവരൊക്കെ എന്തുമര്യാദക്കാരാണ് ഈ ട്രാവലേജന്‍സിക്കാരാണ് ഇവരെയൊക്കെ നശിപ്പിക്കുന്നത് എന്ന് ഞാന്‍ മനസ്സില്‍ കരുതി.

"അത് അതിപ്പോ പെട്ടന്നൊന്നുമില്ല സാര്‍ കുറച്ചു കഴിഞ്ഞിട്ട്...."

"അപ്പോ അതിന്‍റൊരു ചടങ്ങും ചെലവുമൊക്കെയില്ലേടോ?

ഇപ്പോള്‍ എനിക്കെന്തോ കാര്യമായി ഒരു കുളിര് ഓടി അങ്ങ് നെറുകവരെ,പെട്ടന്ന് വെള്ളം ശിരസ്സില്‍കയറിയതുപോലെ ഞാന്‍ ഒന്നു ചുമച്ചു,അവരുടെ മേശപ്പുറത്തുനിന്ന് അടിച്ചെടുത്ത എന്തോ എന്‍റെ കയ്യിലുള്ളതു പോലെ ഞാന്‍ ചൂളി എന്നാല്‍ അതു ഭംഗിയായി മറച്ച് ഞാന്‍ ചാടിവീണു പറഞ്ഞു

"ഓ പിന്നില്ലാതെ അതൊക്കെയുണ്ട് സര്‍ ദാ"

എന്നു പറഞ്ഞ് ഞാന്‍ ചുരുട്ടി വച്ചിരുന്ന മൂന്ന് നൂറിന്‍റെ നോട്ട് ആദ്യത്തെ പോലീസുകാരന് കൊടുത്തു.പെട്ടന്നു തന്നെ തടിയൂരി അവരുടെ ഉറക്കെയുള്ള കമന്‍റും ചിരിയും  പിറകില്‍ കേള്‍ക്കാമായിരുന്നു അങ്ങനെ ഇക്കാര്യത്തിലെങ്കിലും ഒരു തികഞ്ഞ ഭാരതീയനാവാന്‍ എനിക്കു കഴിഞ്ഞു.

എന്നെപ്പോലെ അനേകം പേര്‍ ഇങ്ങനെയല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ നല്‍കിയ പണം ലോകത്തെവിടെയൊക്കെയോ പോയിക്കിടക്കുന്നു.പോരാത്തതിന് ഇതിലേക്ക് കൂടുതല്‍ കനത്ത സംഭാവനകള്‍ നല്‍കിക്കൊണ്ട് 2G സ്പെക്ട്രം, കോമണ്‍ വെല്‍ത്ത്,ആദര്‍ശ്  തുടങ്ങി സഹസ്രകോടികളുടെ പുതിയ 'അത്ബുധങ്ങള്‍' ഇന്ത്യയെ പുതിയൊരു ലോകാത്ബുധമാക്കിത്തീര്‍ക്കുകയാണ്.
ലോകരാഷ്ട്രങ്ങള്‍ ക്രൈസിസില്‍ മുങ്ങിച്ചാവാന്‍ പോകുന്നു ഇന്ത്യ അഴിമതിയുടെ 'അത്ബുധ' തടാകത്തില്‍ ഒരു ലക്ഷ്വറി ക്രൂയിസ് പോലെ പൊന്തിക്കിടക്കുന്നു.കരയില്‍ നിന്ന് അതിലെ സൗകര്യങ്ങളെയും സമൃദ്ധിയെയും പറ്റി വീമ്പടിച്ച് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.ലോകം രണ്ടാം മാന്ദ്യത്തിലേക്കു പോയാലും നമ്മുടെ അടിത്തറ ഭദ്രമാണെന്ന് രാഷ്ട്രീയക്കാരന്‍ പറയുന്നു നാം അത് തലകുലുക്കി സമ്മതിക്കുന്നു.ഈ അടിത്തറ എവിടെകിടക്കുന്നു എന്ന് നാം ചോദിച്ചാല്‍ അതും ജനാധിപത്യവിരുദ്ധമാമുകുമോ?