Wednesday, 31 December 2008

ഒരു മഴ

ഒരു മഴ
വിധിയില്‍ പിഴച്ചും പഴിച്ചും
മനസില്‍ മടുപ്പിന്റെ പൊടിവീണു -
മൂടി മുഷിഞ്ഞിരിക്കുമ്പോള്‍.
പെയ്യാതിരിക്കുന്ന മഴ നിരാശയാണ്

ഉതിരുന്ന കനലുകള്‍ കരിയിച്ച
സ്വപ്നത്തിന്‍ ചുടുചാമ്പല്‍
കാറ്റില്‍ ഉയര്‍ന്നു പാറുമ്പൊള്‍
പെയ്യാനിരിക്കുന്ന മഴ
ഒരു പ്രതീക്ഷയാണ്

കനവിന്റെ പുതുമണ്ണില്‍
ഒരു നൂറു തളിര്‍നാമ്പുയര്‍ന്നതില്‍
മോഹത്തിന്‍ വാടാത്ത മുകുളങ്ങളണിയിച്ച്
പെയ്തു തുടങ്ങുമ്പോള്‍ അഹ്ലാദമാണ്.

ഉയിരാകെ നനയിച്ച്
ഉടലില്‍ തണുപ്പിന്റെ നാരായവേരുകള്‍
ചൂഴ്ന്നിറങ്ങി,ഒരു വെയില്‍ ചിരികാണാന്‍
ഉള്ളു തുടിക്കുമ്പൊള്‍
പെയ്തൊഴിയാതിരിക്കുന്ന മഴ മടുപ്പാണ്

ഒരു കുന്നു മോഹങ്ങള്‍ പെയ്തമര്‍ന്ന്
ഇത്തിരി സ്വപ്നത്തിന്‍ നാമ്പുയര്‍ന്ന്
ചിലതൊക്കെ പൂക്കളും കനികളുമാകുമ്പോള്‍
പെയ്തൊഴിഞ്ഞ മഴ ഒരാശ്വാസമാണ്.

എങ്കിലും...
ജീവിത വേനലിന്‍
തീക്കാറ്റിലുടയാട ചീന്തിയും
ഉടലാകെ പൊള്ളിയും
ഉള്ളിലെ ത്തെളിനീരിനുറവയില്‍
കാളകൂടത്തിന്‍ കരുക്കള്‍ കലര്‍ന്നും
കാലം അതില്‍നിന്നു കഥകള്‍
കടഞ്ഞെടുക്കുമ്പോള്‍

ഒരു മഴ,.......
ഓര്‍‍മ്മകളതിരിട്ട മറവികളുടെ
മതിലും ഇറയവും കടന്നുവന്നുമ്മറപ്പടിയില്‍
സ്മരണകളുടെ കൊത്തങ്കല്ലാടി
കളികളും കവിതയും കഥകളും ചൊല്ലി
ത്സടുതിയില്‍ പിരിഞ്ഞു പോകുന്ന
കളിക്കൂട്ടുകാരിയാണ്