Monday 24 December 2007

ചിറ്റാനിനെല്ല് പത്തു പറ കൃഷിചെയ്താല്‍

ചെറിയൊരു കണക്കാണ്, അക്കം ടൈപ്പുചെയ്യാനറിയില്ല ക്ഷമിച്ചേക്കണേ.
ചിറ്റാനിനെല്ല് പത്തു പറ കൃഷിചെയ്താല്‍!!! നൂറ്റിനാപ്പതു പറ ലാഭം

"ഭ്ഫ പുല്ലേ യെത്രപറ ലാഭം????"

"എഴ്തിക്കറാ കണക്ക് ലാഭത്തിന്റെ."
വിതച്ചത് = പത്തുപറ
വിളവെടുത്തത്=നൂറ്റമ്പതുപറ. ലാഭം നൂറ്റിനാല്പ്പതുപറ.
ലാഭം = എത്ര പറ?

വഴിക്കണക്കാ മറക്കണ്ട.

മെനക്കേട്+സമയം= വിളവ്
മെനക്കേട് എ = വരമ്പുകിള ഗുണം മൂന്ന് + വരമ്പുവെയ്പ്പ് ഗുണം നാല്. = ഏഴ് കൂലി + തീറ്റീം കുടീം = ആയിരത്തി മുന്നൂറ്.

മെനക്കേട് ബി = ട്രാട്ടറു പണി‌+വിത്തിടല്‍ = നാനൂറ്+അമ്പത്=നാനൂറ്റമ്പത്

മെനക്കേട് സി = ട്രാട്ടറുപണി+ഞാറു പറി,നടീല്‍ = ആയിരത്തിരുന്നൂറ്+ആയിരം=രണ്ടായിരത്തിരുന്നൂറ്.
മെനക്കേട് ഡി = രാസവളം + പ്രയോഗം = മുന്നൂറ്
മെനക്കേട് ഇ = വെള്ളംകൂട്ടല്‍കുറയ്ക്കല്‍,ചാഴിമരുന്നടി,വെള്ളത്തിനടിപിടി,വരമ്പിനടിപിടി,ആറ്റക്കാവല്‍,പന്നിക്കാവല്‍‍ = ഇത്രയും/പൂജ്യം

മെനക്കേട് എഫ് = കൊയ്ത്ത് ഗുണം പന്ത്രണ്ട്+തീറ്റ,കുടി = ആയിരത്തറുന്നൂറ്.
മെനക്കേട് ജി = വണ്ടിക്കൂലി കറ്റവീട്ടിലെത്താന്‍ = അഞ്ഞൂറ്

മെനക്കേട് എച്ച് = മെതി ഗുണം പതിനഞ്ച്+തീറ്റ,കുടി = ആയിരത്തഞ്ഞൂറ്

മെനക്കേട് ഐ = വൈക്കോലും നെല്ലും വില്‍ക്കല്‍ = അതൊരൊന്നൊന്നര മെനയാ എഴുതണ്ട.

സമയം = ആറുമാസം

മൊത്തം ചെലവ് = [ {മെനക്കേട്(എ+ബി+സി+ഡി+ഇ+എഫ്+ജി+എച്ച്+ഐ)} + സമയം ] =ഏഴായിരത്തെണ്ണൂറ്റമ്പത്.

മൊത്തം വരവ് = നൂറ്റമ്പതുപറ നെല്ല് -(മുപ്പത്തഞ്ചു പറപാട്ടം+പത്തുപറവിത്ത്)=നൂറ്റഞ്ചു പറ
.
. . മൊത്തം വരവ് = നൂറ്റഞ്ചുപറ + വൈക്കോല് =എട്ടുരൂപപ്രകാരം നെല്ലിന് വില കിട്ടിയത് =ആറായിരത്തെഴുന്നൂറ്റിരുപത്.
വൈക്കോലിനു കിട്ടിയത്=രണ്ടായിരം മൊത്തം എണ്ണായിരത്തെഴുന്നൂറ്റിരുപത്

ലാഭം = എണ്ണൂറ്റെഴുപത് രൂപ!!!!!!

ബോണസ്സ് = മെനക്കേട് ഇ,മെനക്കേട് ഐ,അല്ലറ ചില്ലറപരിക്ക്, പനിപിടിച്ചാശുത്രീക്കെടന്നത് മുതലായവ.

ന്നാ പ്പിന്നെ സന്തോഷത്തിനു രണ്ടെണ്ണാ വീശ്യാലോ?
ഒഴി, ഒരു തുള്ളി മറ്റവനുമിറ്റിച്ചോ.
അടി..
ബോഡി.. ഡെഡ് ബോഡി

കര്‍ഷകഹത്യാ...സിന്ദാബാദ്, പാലുകുടിക്കൂ,മുട്ടകഴിക്കൂ,ചിക്കനടിക്കൂ സിന്ദാബാദ്..
കര്‍ഷക ബൂര്‍ഷ്വകള്‍ തുലയട്ടേ.... മുട്ടവസന്തം വിടരട്ടേ..

Saturday 22 December 2007

ഹരിനാമ കീര്‍ത്തനം വന്നവഴി

ഓം ഹ്രീം തലമാറട്ടെ... അതെ കറുമന്റെ തലയിതാ തറുമന്റെ തലയില്‍...

ചക്രവര്‍ത്തി ആര്‍ത്തിമൂര്‍ത്തന്‍ തിരുനാള്‍ വലിയകോയിത്തമ്പുരാന്‍ തലയ്ക്കുകൈവച്ചുറക്കെ പള്ളിച്ചൊല്ലി...
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്‍ടളവി ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല....ഇത്രയും രസിച്ചു വായിച്ച്
ഞാനാ വരികളൊന്നു കൂടി വായിച്ചു,ഒന്നായ നിന്നെയിഹ...കൊള്ളാം പലവിധത്തിലതു ഞാന്‍ പാടിനോക്കി.
ബാലരമയിലാണോ ബാലമംഗളത്തിലാണോ 'തലമാറട്ടെ' എന്ന കഥയുണ്ടായിരുന്നതെന്നു വ്യക്തമലവേണുവായിരുന്നു
കഥാകാരന്‍.

ചെണ്‍ട കൊട്ടുന്ന താളത്തില്‍, ഉരലില്‍ ഇടിക്കുന്ന താളത്തില്‍,
തീവണ്‍ടി പോകുന്നതാളത്തില്‍,സൈക്കിളില്‍ നിന്നുകൊണ്ടു കയറ്റം ചവിട്ടിക്കയറ്റുന്ന താളത്തില്‍,ചവിട്ടു നാടകത്തിന്റെ പാട്ടുതാളത്തില്‍, എന്റെ ഓരോ കാല്‍വയ്പ്പിന്റേയും താളത്തില്‍.! എവിടേയും സ്യൂട്ടാവുന്ന തരത്തിലെഴുതിയിരിക്കുന്ന ഈ രണ്ടുവരി ഞാന്‍ കുറേക്കാലം പാടിനടന്നു. ബാക്കി കിട്ടിയാല്‍ കൊള്ളാമെന്നുണ്‍ടായിരുന്നു,എവിടേയുമന്വേഷിച്ചില്ല ആരും പറഞ്ഞുതന്നൂല്യ.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരുദിവസം മാതൃഭൂമിയിലെ കത്തുകള്‍ എന്ന കോളത്തില്‍ ഇതിന്റെ ബാക്കി കുറച്ചുവരികളും താഴെ 'എന്ന് ഹരിനാമകീര്‍ത്തനത്തില്‍എഴുത്തച്ച്ന്‍ പറഞ്ഞതു പോലെ' എന്നുകണ്ടു എഴുത്തച്ചനാണണു സ്രഷ്ടാവെന്നുമനസ്സിലായി.പിന്നീട് ഗുരുവായൂരില്‍നിന്ന് പത്തു രൂപയ്ക്കു ഞാനാ പുസ്തകംവാങ്ങി,
വായിച്ചുനോക്കി. മലയാളത്തിലെ അന്‍പത്തൊന്നക്ഷരവും അക്ഷരമാലാക്രമത്തില്‍ യോജിപ്പിച്ചു വളരെ സാധാരണ പദങ്ങള്‍ കൊണ്ടു തീര്‍ത്തിരിക്കുന്ന അതെന്നെ അത്ഭുതപ്പെടുത്തി. രണ്ടാഴ്ച കൊണ്ട് ഞാനതു മുഴുവന്‍ പടിക്കുകയും ചെയ്തു.
പടിക്കേണ്ടകാര്യമൊന്നുമില്ല എങ്കിലും ഞാനതു പടിച്ചു എന്താണതിലുള്ളതെന്നറിയാന്‍ വേണ്‍ടി. എനിക്കുതോന്നി ഇങ്ങനെ പലതും നമുക്കു ലഭിച്ചിട്ടില്ലെന്ന്.

Tuesday 18 December 2007

സ്മരണയിലെ മഴ...

താഴത്തെ വള‍പ്പിലെ കവുങ്ങിന്‍ തലപ്പുകള്‍ കാറ്റ് മഴവില്ലുപോലെ വള്യ്ക്കുമായിരുന്നു.കാറ്റിന്റെയാവേശത്തിനൊപ്പം പറന്ന ഉണങ്ങിയ കരിമ്പനപ്പട്ടപ്പട്ടകള്‍ ആര്‍ത്തലച്ചുവീഴുന്നതുകേട്ട്, ചിറകെല്ലാമൊതുക്കി മഴ കാത്തുനില്‍ക്കുന്ന കോഴികള്‍ പരക്കം പായും.
അകലെ വടക്കുയര്‍ന്നുനില്‍ക്കുന്ന കുന്നുകളില്‍നിന്നു മയിലുകള്‍ അഘോഷത്തിനു ആര്‍പ്പുവിളിയോടെ തുടക്കമിടും. അതങ്ങനെ ചുറ്റും പടര്‍ന്നു പിടിച്ച് ചിലപ്പോള്‍ മുറ്റത്തെ മൂവാണ്‍ട്നില്‍നിന്നു വരെ കേള്‍ക്കും.
മയിലിനെക്കാണാന്‍ മുറ്റത്തേയ്ക്കു പായുന്ന ഞങ്ങളെ പ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞ് അച്ഛമ്മ രണ്ടു കൈകളും എളിയില്‍കുത്തി അല്പ്പം മുന്നോട്ടാഞ്ഞുനിന്ന് ദൂരെ പണിക്കു പോയ അച്ഛനെ ഉറക്കെ വിളിക്കാന്‍ തുടങ്ങും. എല്ലാ വീടുകളില്‍ നിന്നും ഇങ്ങനെയോരോ തിക്കും തിരക്കും കേട്ടു തുടങ്ങും.
ഒരു വേനലസ്ഥമിക്കുകയാണ്.

മഴക്കാലം തുടങ്ങിയിരുന്നതു പലപ്പോഴും സന്ധ്യയ്ക്കായിരുന്നു.
ആദ്യത്തെ മഴ പെയ്യുന്ന ദിവസം ഞങ്ങള്‍ക്കടച്ചുപൂജ പോലെ പ്രിയപ്പെട്ടതായിരുന്നു. അന്നു സന്ധ്യാനാമം വേണ്ട,പുസ്തകം നോക്കേണ്ട, വിളക്കിലെല്ലാം മണ്ണെണ്ണയൊഴിച്ച് നേരത്തെ ചോറുണ്‍ട് കിടക്കാം. സന്ധ്യക്കു പെയ്യാന്‍ മറന്ന മഴ, ഊണെല്ലാം കഴിഞ്ഞു ഞങ്ങള്‍ കിടന്നുകഴിഞ്ഞാണു വരുക. തണുപ്പ് മല്ലങ്കുഴികടന്നാല്‍ ചങ്ങലയില്‍കിടന്ന് കൈസര്‍ മുറുമുറുത്തുതുടങ്ങും അഴിച്ചുവിടാന്‍. പിന്നാലെ വേനലില്‍ കിടന്നു പൊരിഞ്ഞ ഇലകളുമായി കാറ്റു ചുറ്റിനുമോടിക്കളിക്കുന്നതുകേള്‍ക്കാം. ജനലയിലൂടെ ഒരുവെള്ളിവെളിച്ചം എത്തിനോക്കും,അതിന്റെ ശബ്ദത്തിനു കാതോര്‍ത്തു ഞങ്ങള്‍ ഭയത്തോടെ ചുരുണ്ടുകൂടും. കുറേ നേരത്തിനു ശേഷമൊരിടി ശബ്ദം കേള്‍ക്കാം അകലെ.അതിനിടയിലെപ്പൊഴോ മഴയെത്തിയിരിക്കും. ഇലകളുടെയും കാറ്റിന്റേയും കളിചിരിക്കിടെ മഴയൊരു കൊലുസ്സു കിലുക്കം പോലെത്തുടങ്ങി, പയ്യെപ്പയ്യെ പാണ്ടീമേളം പോലെ കൊട്ടിക്കയറും. അതിന്റെ അവരോഹണാരോഹണങ്ങളലെപ്പൊഴോ ഞങ്ങള്‍ ഉറങ്ങിത്തുടങ്ങിയിരിക്കും. നിരവധി നിറങ്ങളിലുള്ള പുതുനാമ്പുകള്‍ സ്വപ്നം കണ്‍ട്...