Tuesday 18 December 2007

സ്മരണയിലെ മഴ...

താഴത്തെ വള‍പ്പിലെ കവുങ്ങിന്‍ തലപ്പുകള്‍ കാറ്റ് മഴവില്ലുപോലെ വള്യ്ക്കുമായിരുന്നു.കാറ്റിന്റെയാവേശത്തിനൊപ്പം പറന്ന ഉണങ്ങിയ കരിമ്പനപ്പട്ടപ്പട്ടകള്‍ ആര്‍ത്തലച്ചുവീഴുന്നതുകേട്ട്, ചിറകെല്ലാമൊതുക്കി മഴ കാത്തുനില്‍ക്കുന്ന കോഴികള്‍ പരക്കം പായും.
അകലെ വടക്കുയര്‍ന്നുനില്‍ക്കുന്ന കുന്നുകളില്‍നിന്നു മയിലുകള്‍ അഘോഷത്തിനു ആര്‍പ്പുവിളിയോടെ തുടക്കമിടും. അതങ്ങനെ ചുറ്റും പടര്‍ന്നു പിടിച്ച് ചിലപ്പോള്‍ മുറ്റത്തെ മൂവാണ്‍ട്നില്‍നിന്നു വരെ കേള്‍ക്കും.
മയിലിനെക്കാണാന്‍ മുറ്റത്തേയ്ക്കു പായുന്ന ഞങ്ങളെ പ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞ് അച്ഛമ്മ രണ്ടു കൈകളും എളിയില്‍കുത്തി അല്പ്പം മുന്നോട്ടാഞ്ഞുനിന്ന് ദൂരെ പണിക്കു പോയ അച്ഛനെ ഉറക്കെ വിളിക്കാന്‍ തുടങ്ങും. എല്ലാ വീടുകളില്‍ നിന്നും ഇങ്ങനെയോരോ തിക്കും തിരക്കും കേട്ടു തുടങ്ങും.
ഒരു വേനലസ്ഥമിക്കുകയാണ്.

മഴക്കാലം തുടങ്ങിയിരുന്നതു പലപ്പോഴും സന്ധ്യയ്ക്കായിരുന്നു.
ആദ്യത്തെ മഴ പെയ്യുന്ന ദിവസം ഞങ്ങള്‍ക്കടച്ചുപൂജ പോലെ പ്രിയപ്പെട്ടതായിരുന്നു. അന്നു സന്ധ്യാനാമം വേണ്ട,പുസ്തകം നോക്കേണ്ട, വിളക്കിലെല്ലാം മണ്ണെണ്ണയൊഴിച്ച് നേരത്തെ ചോറുണ്‍ട് കിടക്കാം. സന്ധ്യക്കു പെയ്യാന്‍ മറന്ന മഴ, ഊണെല്ലാം കഴിഞ്ഞു ഞങ്ങള്‍ കിടന്നുകഴിഞ്ഞാണു വരുക. തണുപ്പ് മല്ലങ്കുഴികടന്നാല്‍ ചങ്ങലയില്‍കിടന്ന് കൈസര്‍ മുറുമുറുത്തുതുടങ്ങും അഴിച്ചുവിടാന്‍. പിന്നാലെ വേനലില്‍ കിടന്നു പൊരിഞ്ഞ ഇലകളുമായി കാറ്റു ചുറ്റിനുമോടിക്കളിക്കുന്നതുകേള്‍ക്കാം. ജനലയിലൂടെ ഒരുവെള്ളിവെളിച്ചം എത്തിനോക്കും,അതിന്റെ ശബ്ദത്തിനു കാതോര്‍ത്തു ഞങ്ങള്‍ ഭയത്തോടെ ചുരുണ്ടുകൂടും. കുറേ നേരത്തിനു ശേഷമൊരിടി ശബ്ദം കേള്‍ക്കാം അകലെ.അതിനിടയിലെപ്പൊഴോ മഴയെത്തിയിരിക്കും. ഇലകളുടെയും കാറ്റിന്റേയും കളിചിരിക്കിടെ മഴയൊരു കൊലുസ്സു കിലുക്കം പോലെത്തുടങ്ങി, പയ്യെപ്പയ്യെ പാണ്ടീമേളം പോലെ കൊട്ടിക്കയറും. അതിന്റെ അവരോഹണാരോഹണങ്ങളലെപ്പൊഴോ ഞങ്ങള്‍ ഉറങ്ങിത്തുടങ്ങിയിരിക്കും. നിരവധി നിറങ്ങളിലുള്ള പുതുനാമ്പുകള്‍ സ്വപ്നം കണ്‍ട്...